അമേരിക്കയിൽ ‘സൈക്ലോസ്പോറിയാസിസ്’ (Cyclospora) എന്ന ഉദരരോഗ ബാധ പടരുന്ന സാഹചര്യത്തിൽ, യു എസ് യാത്ര ചെയ്യുന്ന പൗരന്മാർക്കായി കാനഡ പുതിയ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. യു.എസിലേക്ക് യാത്ര ചെയ്യുന്നവർ പച്ചക്കറികളും ഭക്ഷണസാധനങ്ങളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കാനഡ ഗവൺമെന്റ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. എന്നാൽ യാത്രകൾ പൂർണ്ണമായി ഒഴിവാക്കാനോ അതിർത്തികൾ അടയ്ക്കാനോ നിർദേശമില്ല.
അമേരിക്കയിൽ വ്യാപകമായി വിറ്റഴിക്കപ്പെട്ട ചില നിർദ്ദിഷ്ട പാക്കറ്റ് ‘ഐസ്ബർഗ് ലെറ്റൂസ്’ (Iceberg lettuce) വഴിയാണ് രോഗാണു പടർന്നതെന്നാണ് യു.എസ് ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തൽ. രോഗബാധയെ തുടർന്ന് കമ്പനി വിപണിയിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വയറ്റിലെത്തുന്ന സൂക്ഷ്മജീവികളാണ് ഈ രോഗത്തിന് കാരണം. വിട്ടുമാറാത്ത വയറിളക്കം, കഠിനമായ വയറുവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണ വെള്ളത്തിൽ കഴുകുന്നത് കൊണ്ട് മാത്രം ഈ രോഗാണുക്കൾ പച്ചക്കറികളിൽ നിന്ന് പൂർണ്ണമായി നശിച്ചുപോകില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
കാനഡയിൽ നിലവിൽ ഈ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യു.എസിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതി തടയേണ്ട സാഹചര്യമില്ലെന്നും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി വ്യക്തമാക്കി. എങ്കിലും യു.എസിലേക്ക് യാത്ര ചെയ്യുന്നവർ പച്ചക്കറികൾ നന്നായി വേവിച്ച് മാത്രം കഴിക്കണമെന്നും, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
US faces 'Cyclosporiasis' scare; Canada issues guidelines for travelers.






