ടെഹ്റാൻ; ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിച്ചുകൊണ്ടുള്ള ട്രംപിന്റെ ഈ നിർണ്ണായക നീക്കം. അടുത്ത 72 മണിക്കൂറിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാൻ കപ്പലുകൾ പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് ചരക്കുകപ്പലുകളാണ് ഇറാന്റെ റവല്യൂഷനറി ഗാർഡ്സ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരു കപ്പൽ ദുബായിൽ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു എന്നതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് തങ്ങളുടെ അനുമതി വേണമെന്ന കർശന നിലപാടിലാണ് ഇറാൻ ഇപ്പോൾ.
സമാധാന ചർച്ചകൾക്കായി പാക്കിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ യാത്രയടക്കമുള്ള നയതന്ത്ര നീക്കങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. അന്താരാഷ്ട്ര കപ്പൽ പാതയിൽ ഇറാൻ വെടിയുതിർത്തത് കടുത്ത പ്രകോപനമായിട്ടാണ് അമേരിക്ക കാണുന്നത്. ചർച്ചകൾക്കായി വാതിൽ തുറന്നിടുമ്പോഴും ഇറാന്റെ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ വരും മണിക്കൂറുകളിലെ ചർച്ചകൾ ലോകം ഏറെ ഉൽക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US Extends Ceasefire with Iran for Further Negotiations




