ലണ്ടൻ: ഇംഗ്ലണ്ടിലെ ഒരു അമച്വർ ക്രിക്കറ്റ് മത്സരത്തിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ‘വഞ്ചന’ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. ബാറ്റിൽ പന്ത് തട്ടുന്ന ശബ്ദം അനുകരിക്കാൻ ഒരു ഫീൽഡർ വിരൽ ഞൊടിച്ചതായും, അത് കേട്ട് അമ്പയർ ബാറ്റ്സ്മാനെ പുറത്താക്കിയെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ആരോപണം.
നോർത്ത് യോർക്ക്ഷയർ ആൻഡ് സൗത്ത് ഡർഹാം ക്രിക്കറ്റ് ലീഗിലെ സാൾട്ട്ബേൺ ടീമിന്റെ മത്സരത്തിനിടെയുണ്ടായ ദൃശ്യങ്ങളാണെന്ന് പറയുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. “ക്രിക്കറ്റിൽ കണ്ടതിൽ ഏറ്റവും മോശം തട്ടിപ്പാണിത്” എന്ന കുറിപ്പോടെയാണ് വീഡിയോ എക്‌സിൽ (X) പങ്കുവെച്ചത്. പിന്നീട് ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടി.
ക്രിക്കറ്റിൽ ബാറ്റിൽ പന്ത് തട്ടിയെന്ന ശബ്ദം കേട്ടാൽ അമ്പയർ ബാറ്റ്സ്മാനെ ‘ക്യാച്ച് ഔട്ട്’ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യം ദുരുപയോഗം ചെയ്ത് വിരൽ ഞൊടിച്ച് ശബ്ദം സൃഷ്ടിച്ചെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരോപണം. എന്നാൽ വീഡിയോയിലെ ആരോപണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി ലഭിച്ചതായി നോർത്ത് യോർക്ക്ഷയർ ആൻഡ് സൗത്ത് ഡർഹാം ക്രിക്കറ്റ് ലീഗ് അറിയിച്ചു. പരാതിയെ തുടർന്ന് സമഗ്ര അന്വേഷണം ആരംഭിച്ചതായും അന്വേഷണം പൂർത്തിയാകുന്നതുവരെ കൂടുതൽ പ്രതികരിക്കില്ലെന്നും ലീഗ് എക്‌സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പരാതിയിൽ ഉൾപ്പെട്ട ടീമുകളുടെ പേരും ലീഗ് പുറത്തുവിട്ടിട്ടില്ല.
സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായതോടെ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനും പ്രതികരിച്ചു. വീഡിയോയിലെ ആരോപണം ശരിയാണെങ്കിൽ അത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനകളിലൊന്നായിരിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം, ആരോപണം നേരിടുന്ന ടീമിന്റെയോ കളിക്കാരന്റെയോ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. വീഡിയോയിലെ സംഭവത്തിന്റെ യഥാർഥ സാഹചര്യം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ലീഗ് അറിയിച്ചു.
Amateur cricket match goes viral after cheating allegation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






