വാഷിങ്ടൺ: 75 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഇമിഗ്രന്റ് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച ട്രംപ് ഭരണകൂടത്തിന്റെ നയം യുഎസ് ഫെഡറൽ കോടതി റദ്ദാക്കി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധികാരപരിധി മറികടന്നാണ് വിസ നിരോധനം നടപ്പിലാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മാൻഹട്ടനിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജാനറ്റ് വർഗാസ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
വിദേശകാര്യ മന്ത്രാലയം ജനുവരിയിൽ പ്രഖ്യാപിച്ച ഈ നയം പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് ജഡ്ജി ഉത്തരവിൽ വ്യക്തമാക്കി. കോൺസുലർ ഉദ്യോഗസ്ഥർക്ക് വിസ പ്രൊസസ്സ് ചെയ്യാനുള്ള അധികാരത്തിന്മേൽ കൈകടത്താൻ സ്റ്റേറ്റ് സെക്രട്ടറിക്ക് അവകാശമില്ലെന്ന് ഫെഡറൽ ഇമിഗ്രേഷൻ നിയമത്തിൽ കൃത്യമായി പറയുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. അപേക്ഷകരുടെ ദേശീയത മാത്രം അടിസ്ഥാനമാക്കി വിസ നിഷേധിക്കുന്നത് നിയമവ്യവസ്ഥയുടെ പരസ്യമായ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബ്രസീൽ, കൊളംബിയ, ഉറുഗ്വേ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ബോസ്നിയ, അൽബേനിയ ഉൾപ്പെടെയുള്ള ബാൾക്കൺ രാജ്യങ്ങൾ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ ഏഷ്യൻ രാജ്യങ്ങൾ എന്നിവയ്ക്ക് പുറമെ ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ്, കരീബിയൻ മേഖലകളിലെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ നിരോധനം തിരിച്ചടിയായിരുന്നത്. അമേരിക്കയിലെത്തുന്ന ഇവർ പിന്നീട് സർക്കാരിന് സാമ്പത്തിക ബാധ്യതയായേക്കാം എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റേറ്റ് മന്ത്രാലയം ജനുവരി മുതൽ വിസ വിതരണം തടഞ്ഞുവെച്ചിരുന്നത്.
മുൻ ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ച ജഡ്ജിയാണ് ജാനറ്റ് വർഗാസ്. കാത്തലിക് ലീഗൽ ഇമിഗ്രേഷൻ നെറ്റ്‌വർക്ക്, ആഫ്രിക്കൻ കമ്മ്യൂണിറ്റീസ് ടുഗെദർ എന്നീ കുടിയേറ്റാവകാശ സംഘടനകളും, ഈ രാജ്യങ്ങളിൽ നിന്ന് ബന്ധുക്കളെ അമേരിക്കയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന യുഎസ് പൗരന്മാരും അപേക്ഷകരും ചേർന്നാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ഹർജി നൽകിയത്. എന്നാൽ കോടതി വിധിയോട് പ്രതികരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളാണ് നടപ്പിലാക്കി വരുന്നത്. എന്നാൽ ഇത്തരം നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിസ്ഥാന അവകാശങ്ങളെയും ലംഘിക്കുന്നതാണെന്നും, വംശീയമായ വിവേചനങ്ങൾക്ക് വഴിതുറക്കുന്നതിലൂടെ ന്യൂനപക്ഷങ്ങൾക്ക് അമേരിക്കയിൽ സുരക്ഷിതമല്ലാത്ത അന്തരീക്ഷമാണ് ഉണ്ടാക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




