ബെംഗളൂരു: സാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യയുടെ പുതിയ കുതിപ്പ്. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാ കാർ ‘WIRIN’ (Wipro-IISc Research and Innovation Network) ബെംഗളൂരുവിൽ അനാവരണം ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും പ്രസിദ്ധമായ മൂന്ന് സ്ഥാപനങ്ങളുടെ സഹകരണത്തിന്റെ ഫലമായാണ് ഡ്രൈവർ ഇല്ലാതെ ഓടുന്ന ഈ കാർ നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഐടി കമ്പനിയായ വിപ്രോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർവി കോളേജും ചേർന്നാണ് ഈ ഡ്രൈവറില്ലാ കാർ വികസിപ്പിച്ചിരിക്കുന്നത്. ആർവി കോളേജിലൂടെ ഈ വാഹനം സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാറിനുള്ളിൽ ഉത്തരാദി മഠത്തിലെ ശ്രീ സത്യത്മതീർത്ഥ സ്വാമിജി യാത്ര ചെയ്യുന്ന വീഡിയോ എക്‌സിൽ വൈറലായതോടെയാണ് ഈ നേട്ടം ശ്രദ്ധ നേടിയത്.
ഈ വാഹനം ഇപ്പോഴും നിർമാണ ഘട്ടത്തിലാണെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ പൂർണമായി ഒരുങ്ങിയ വാഹനം നിരത്തുകളിൽ എത്തുമെന്നുമാണ് വിലയിരുത്തൽ. ഇന്ത്യയിലെ റോഡുകൾക്ക് അനുയോജ്യമായ ഒരു ഡ്രൈവറില്ലാ കാർ രൂപകൽപ്പന ചെയ്യുക. ഇന്ത്യയിലെ റോഡുകളിലെ കുഴികൾ, മറ്റ് വെല്ലുവിളികൾ എന്നിവ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാക്കുക എന്നിവയാണ് ലക്ഷ്യം.
ആറ് വർഷത്തെ ഗവേഷണങ്ങളുടെ ഫലമാണിത്. ഓട്ടോണമസ് സിസ്റ്റംസ്, റോബോട്ടിക്സ്, എഐ (AI), മെഷീൻ ലേണിംഗ്, 5G അധിഷ്ഠിത കമ്മ്യൂണിക്കേഷൻ (V2X) എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിൽ വികസന ഘട്ടത്തിലുള്ള ഈ പ്രോട്ടോടൈപ്പ്, വരുന്ന മാസങ്ങളിൽ ഔദ്യോഗികമായി പുറത്തിറക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ റോഡുകളിൽ സുരക്ഷിതമായും സുഗമമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗവേഷകരുടെ പരീക്ഷണം തുടരുകയാണ്.
നിലവിൽ ഇന്ത്യയിൽ ഐഐടി ഹൈദരാബാദും ഇത്തരത്തിൽ ഡ്രൈവറില്ലാ കാറുകളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് എന്നാണ് വിവരം. കൃഷി തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ ഇതിനകം തന്നെ ഐഐടി ഹൈദരാബാദ് നിർമിച്ചുകഴിഞ്ഞു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Wipro and IISc unveil indigenous driverless car in Bengaluru






