ന്യൂയോര്ക്ക്: വൻകരകളുടെ യഥാർത്ഥ വിസ്തൃതി വ്യക്തമാക്കുന്ന പുതിയ ലോക ഭൂപടം അംഗീകരിച്ച് ഐക്യരാഷ്ട്രസഭ (UN). വെള്ളിയാഴ്ച ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന പൊതുസഭാ യോഗത്തിലാണ് 164 രാജ്യങ്ങളുടെ പിന്തുണയോടെ ചരിത്രപരമായ ഈ തീരുമാനം ഉണ്ടായത്. ആഫ്രിക്ക, ദക്ഷിണേഷ്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ പ്രദേശങ്ങൾക്ക് കൂടുതൽ വലിപ്പവും പ്രധാന്യവും നൽകുന്നതാണ് ‘ഈക്വൽ എർത്ത്’ (Equal Earth) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഭൂപടം. എന്നാൽ, നീക്കത്തെ ശക്തമായി എതിർത്ത അമേരിക്ക പ്രമേയത്തിനെതിരെ വോട്ട് ചെയ്തു.
1569 മുതൽ ലോകമെമ്പാടുമുള്ള വിദ്യാലയങ്ങളിലും മറ്റും ഉപയോഗിച്ചുപോരുന്ന ‘മെർക്കേറ്റർ’ ഭൂപടത്തിന് പകരമായാണ് യു.എൻ പുതിയ മാറ്റം നിർദ്ദേശിച്ചിരിക്കുന്നത്. പഴയ ഭൂപടം കപ്പൽ യാത്രകൾക്ക് സൗകര്യപ്രദമായിരുന്നുവെങ്കിലും, വടക്കേ അമേരിക്ക, യൂറോപ്പ്, റഷ്യ തുടങ്ങിയ വികസിത പ്രദേശങ്ങളെ യഥാർത്ഥ വലിപ്പത്തേക്കാൾ വലുതായും ആഫ്രിക്കൻ വൻകരയെ വളരെ ചെറുതായുമാണ് ചിത്രീകരിച്ചിരുന്നത്. ഭൂമിയുടെ യഥാർത്ഥ ഗോളാകൃതിക്ക് അനുസൃതമായി തയ്യാറാക്കിയ പുതിയ ഭൂപടം ഭൂഖണ്ഡങ്ങളുടെ വലിപ്പത്തിലുള്ള തെറ്റിദ്ധാരണകൾ തിരുത്തുമെന്ന് പ്രമേയത്തെ പിന്തുണച്ച ഫ്രാൻസും ടോഗോയും വ്യക്തമാക്കി.
ALSO READ ; വെനസ്വേലൻ എണ്ണയിൽ അമേരിക്ക കണ്ണുവെച്ചതെങ്ങനെ? കോടികളുടെ മാസ്റ്റർപ്ലാൻ പുറത്ത്!
അതേസമയം, യു.എന്നിന്റെ ഈ നടപടി സ്ഥാനത്തല്ലാത്ത ഒന്നാണെന്നും ഇത് സംഘടനയുടെ വിശ്വസനീയത തകർക്കുമെന്നും അമേരിക്കൻ പ്രതിനിധികൾ കുറ്റപ്പെടുത്തി. ലോകം നേരിടുന്ന ഗൗരവമേറിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം നൂറ്റാണ്ടുകൾ പഴക്കമുള്ള ഭൂപടങ്ങളുടെ പേരിൽ വോട്ട് പിടിക്കുകയാണെന്ന് യു.എസ് തുറന്നടിച്ചു. ഭൂപടം മാറ്റുന്നത് കൊണ്ട് ലോകം പെട്ടെന്ന് മാറില്ലെങ്കിലും, ചരിത്രപരമായ തെറ്റുകൾ തിരുത്തുന്നത് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്നാണ് ഭൂപട മാറ്റത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ നിലപാട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









