കോപ്പൻഹേഗൻ: കുടിയേറ്റ അപേക്ഷ തള്ളിയ കുടിയേറ്റക്കാരെ പാർപ്പിക്കാൻ യൂറോപ്പിന് പുറത്ത് ‘റിട്ടേൺ ഹബ്ബുകൾ’ (ഡിറ്റൻഷൻ സെന്ററുകൾ) നിർമ്മിക്കാൻ അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചു. ഡെൻമാർക്ക്, ഗ്രീസ്, ഓസ്ട്രിയ, ജർമ്മനി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് പുതിയ നീക്കത്തിന് പിന്നിൽ. ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ നടന്ന ചർച്ചയിലാണ് യൂറോപ്യൻ യൂണിയന് (ഇ.യു.) പുറത്തുള്ള ഒരു രാജ്യവുമായി ചേർന്ന് പദ്ധതി നടപ്പാക്കാൻ ധാരണയായത്.
അനധികൃതമായി തങ്ങുന്ന വിദേശികൾക്ക് യാതൊരുവിധ ഇളവുകളും നൽകാനാവില്ലെന്നും, അടുത്ത വർഷത്തോടെ പങ്കാളിത്ത രാജ്യവുമായി ധാരണയിലെത്തുമെന്നും ഡെൻമാർക്ക് കുടിയേറ്റ കാര്യ മന്ത്രി മോർട്ടൻ ബോഡ്സ്കോവ് അറിയിച്ചു. കരാർ ഒപ്പിടുന്ന രാജ്യങ്ങളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ആഫ്രിക്കൻ രാജ്യങ്ങളായ ഉഗാണ്ട, റുവാണ്ട എന്നിവരുമായാണ് ചർച്ചകൾ പുരോഗമിക്കുന്നത്. 2027-ഓടെ ഈ തടങ്കൽ കേന്ദ്രങ്ങൾ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാനാണ് ഇവരുടെ ലക്ഷ്യം.
ALSO READ ; വെനസ്വേലൻ എണ്ണയിൽ അമേരിക്ക കണ്ണുവെച്ചതെങ്ങനെ? കോടികളുടെ മാസ്റ്റർപ്ലാൻ പുറത്ത്!
കഴിഞ്ഞ ജൂണിൽ കൂടുതൽ കർശനമായ കുടിയേറ്റ നിയമങ്ങൾക്ക് യൂറോപ്യൻ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നടപടി. എന്നാൽ, ഈ നീക്കം വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ റുവാണ്ടയിലേക്ക് കുടിയേറ്റക്കാരെ മാറ്റാനുള്ള ബ്രിട്ടന്റെ പദ്ധതി പ്രതിഷേധങ്ങളെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. അതുപോലെ ഇറ്റലി അൽബേനിയയിൽ തുടങ്ങിയ കേന്ദ്രങ്ങളും സമാനമായ നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









