ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്താനുള്ള നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആൻഡി ബേണം. ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് മുന്നോട്ടുവെച്ച പരിഷ്കരണ നിർദ്ദേശങ്ങളിലെ അടിസ്ഥാന തത്ത്വങ്ങളോട് താൻ പൂർണ്ണമായി യോജിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ശക്തമായ രാഷ്ട്രീയ എതിർപ്പുകളെ തുടർന്ന് പരിഷ്കരണങ്ങളിൽ സർക്കാർ ഇളവുകൾ വരുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ചില വിഭാഗം കുടിയേറ്റക്കാർക്ക് ബ്രിട്ടനിൽ സ്ഥിരതാമസത്തിനുള്ള അനുമതി (Indefinite Leave to Remain) ലഭിക്കുന്നതിനുള്ള കാലാവധി 5 വർഷത്തിൽ നിന്ന് 15 വർഷമായി ഉയർത്താനുള്ള ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ ബർണാം പിന്തുണച്ചു. ഐടിവിയുടെ ‘ഗുഡ് മോർണിംഗ് ബ്രിട്ടൻ’ പരിപാടിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ഥിരതാമസം എന്നത് ആർക്കും സ്വാഭാവികമായി ലഭിക്കേണ്ട ഒന്നല്ലെന്നും, അത് സ്വന്തമാക്കേണ്ട അർഹതയാണെന്നുമുള്ള തത്ത്വത്തിൽ അധിഷ്ഠിതമായാണ് പുതിയ മാറ്റങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടിയേറ്റ നിയമങ്ങളിലെ ഈ നിർദ്ദിഷ്ട മാറ്റങ്ങൾ നടപ്പിലാക്കുന്നതിൽ ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് സ്വീകരിച്ച നിലപാട് ശരിയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിർദ്ദേശങ്ങളിൻമേലുള്ള അന്തിമ തീരുമാനങ്ങളും കൃത്യമായ വിവരങ്ങളും ഉടൻ തന്നെ ആഭ്യന്തര മന്ത്രി പുറത്തുവിടുമെന്നും ബർണാം കൂട്ടിച്ചേർത്തു. രാജ്യത്തെ കുടിയേറ്റ നിരക്ക് നിയന്ത്രിക്കുന്നതിനും സ്ഥിരതാമസാനുമതി നൽകുന്നതിൽ കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിനുമാണ് ബ്രിട്ടീഷ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ കാലാവധി 15 വർഷമായി ഉയർത്തുന്നത് കുടിയേറ്റക്കാർക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




