ടെഹ്റാൻ : ഹോർമൂസ് കടലിടുക്കിന് ബദലായി പുതിയ ചരക്കുനീക്ക പാതകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യു.ഇ.എ അതിവേഗം വികസിപ്പിക്കുന്നു. സംഘർഷസാധ്യതകൾ നിലനിൽക്കെ ദീർഘകാല ലക്ഷ്യത്തോടെയാണ് രാജ്യത്തിന്റെ പകരം റൂട്ടുകളും തുറമുഖങ്ങളും ശക്തിപ്പെടുത്തുന്നത്.
അബുദാബിയിൽ നടന്ന ഹില്ലി ഫോറത്തിലാണ് യു.ഇ.എ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി ഇക്കാര്യം വ്യക്തമാക്കിയത്. കിഴക്കൻ തീരമേഖലയിലെ തുറമുഖങ്ങളായ ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ എന്നിവയുടെ വികസന പ്രവർത്തനങ്ങൾ രാജ്യത്ത് വേഗത്തിലാക്കിയിട്ടുണ്ട്. ആഗോള വിപണിയിലേക്ക് തടസ്സമില്ലാതെ എണ്ണയെത്തിക്കാനുള്ള പൈപ്പ്ലൈനുകളും വികസിപ്പിക്കുന്നുണ്ട്.
ഒമാനുമായി ചേർന്ന് സോഹാർ, ദുഖം തുറമുഖങ്ങൾ വഴിയും റോഡ് മാർഗവും ചരക്കെത്തിക്കുന്നുണ്ടെന്നും ഇത് താൽക്കാലിക പരിഹാരമല്ലെന്നും ശാശ്വതമായ മാറ്റമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഘർഷം കാരണമുണ്ടായ സ്തംഭനം മറികടക്കാൻ ബദൽ മാർഗങ്ങൾ ഫലപ്രദമായി നടപ്പിലാക്കിക്കഴിഞ്ഞു.
ഈ പ്രതിസന്ധികൾക്കിടയിലും യു.ഇ.എയുടെ എണ്ണയിതര വിദേശ വ്യാപാര വരുമാനത്തിൽ പുതിയ റെക്കോർഡ് കുറിച്ചു. ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിലെ കണക്കുപ്രകാരം വ്യാപാര വരുമാനം 13.1 ശതമാനം വർധിച്ച് 1.94 ട്രില്യൺ ദിർഹത്തിലെത്തി. എണ്ണയിതര കയറ്റുമതിയും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറ് ഭൂഖണ്ഡങ്ങളിലായി ഇതുവരെ 38 സമഗ്ര സാമ്പത്തിക സഹകരണ കരാറുകൾ യു.ഇ.എ പൂർത്തിയാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








