ബീജിങ്/ഹനോയ്: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ചൈനയിലും വിയറ്റ്‌നാമിലും വൻ നാശനഷ്ടം വിതച്ച് ‘നാര’ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിനൊപ്പം പെയ്തിറങ്ങിയ കനത്ത മഴയിൽ ഇരുരാജ്യങ്ങളിലെയും വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പ്രളയത്തിലും മണ്ണിടിച്ചിലിലും ഗതാഗത സംവിധാനങ്ങളും കൃഷിയും വ്യാപകമായി നശിച്ചു. വടക്കൻ വിയറ്റ്‌നാമിലും തെക്കൻ ചൈനയിലെ ഗുവാങ്‌ഷി പ്രവിശ്യയിലുമാണ് പ്രകൃതിദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
ചൈനയിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 54,000-ത്തോളം ആളുകളെയാണ് ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഇതിൽ 8,087 പേരെ അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചതായി ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി (CCTV) റിപ്പോർട്ട് ചെയ്തു. ഗുവാങ്‌ഷിയിലെ ചോങ്‌സുവോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. 15 നദികളിലെ ജലനിരപ്പ് അപകടനില തരണം ചെയ്തു. റബ്ബർ ബോട്ടുകളിൽ മുട്ടറ്റ വെള്ളത്തിൽ ഇറങ്ങിയാണ് രക്ഷാപ്രവർത്തകർ കുടുങ്ങിക്കിടക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നത്.
വടക്കൻ വിയറ്റ്‌നാമിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ഒരാൾ കൊല്ലപ്പെടുകയും 4,300-ലധികം കുടുംബങ്ങൾ വീടൊഴിയുകയും ചെയ്തു. ലാംഗ് സൺ, കാവോ ബാങ് എന്നീ മലയോര പ്രവിശ്യകളിൽ തിങ്കളാഴ്ച രാവില വരെയുള്ള 24 മണിക്കൂറിനിടെ 236 മില്ലീമീറ്റർ മുതൽ 300 മില്ലീമീറ്റർ വരെ മഴയാണ് രേഖപ്പെടുത്തിയത്. ഇത് മലയോര മേഖലകളിൽ അതിശക്തമായ മണ്ണിടിച്ചിലിനും പ്രളയത്തിനും കാരണമായി.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഹാ ലോങ് ബേ സ്ഥിതി ചെയ്യുന്ന ക്വാങ് നിൻ പ്രവിശ്യയെയും പ്രളയം സാരമായി ബാധിച്ചു. പ്രദേശത്ത് വിനോദസഞ്ചാരവും മത്സ്യബന്ധനവും ഗതാഗതവും പൂർണ്ണമായി തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ 55,000-ത്തോളം കുടുംബങ്ങൾ ഇരുട്ടിലായി. 10,000 ഹെക്ടറിലധികം (25,000 ഏക്കർ) കൃഷിഭൂമി വെള്ളത്തിനടിയിലായതോടെ കർഷകരും വലിയ പ്രതിസന്ധിയിലാണ്.
ടോങ്കിൻ ഉൾക്കടലിന് (ബെയ്ബു ഉൾക്കടൽ) മുകളിൽ തുടരുന്ന ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എങ്കിലും വടക്കൻ മേഖലകളിൽ മഴ ശക്തമായി തുടരും. ചൈനയിലെ ഗുവാങ്‌ഷി, ഗുവാങ്‌ഡോങ്, ഹൈനാൻ, ഫുജിയാൻ തുടങ്ങിയ പ്രവിശ്യകളിൽ ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




