തായ്പെയ്: അതിശക്തമായ ‘ചാമ്പി’ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ തായ്വാനിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ശക്തി കുറയുന്നതിനാൽ ദ്വീപിൽ നേരിട്ട് കരതൊടില്ലെന്നാണ് പ്രവചനമെങ്കിലും, കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി രാജ്യത്തുടനീളം സാമ്പത്തിക വിപണികളും വിദ്യാലയങ്ങളും ഓഫീസുകളും അടച്ചിടുകയും നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
ശക്തമായ കാറ്റിൽ തായ്വാനിൽ ഒരാൾ കൊല്ലപ്പെടുകയും 94 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. മലയോര മേഖലകളിൽ നിന്ന് 1,300 ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തീരദേശ നഗരങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. തലസ്ഥാനമായ തായ്പേയ് ഉൾപ്പെടെയുള്ള വടക്കൻ മലയോര മേഖലകളിൽ ഒരു മീറ്ററോളം (3 അടി) കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
ചുഴലിക്കാറ്റ് അതിവേഗം അടുത്തെത്തുന്ന വടക്കുകിഴക്കൻ കൗണ്ടിയായ ഈലാനിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. ദുരന്തനിവാരണത്തിനായി കവചിത വാഹനങ്ങളും ബോട്ടുകളും സാൻഡ് ബാഗുകളും തയാറാക്കിയിട്ടുണ്ട്. നിലവിൽ തായ്വാന്റെ തെക്കൻ മുനമ്പിൽ നിന്ന് 320 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനം. പസഫിക് സമുദ്രത്തിൽ ഈ വർഷ രൂപപ്പെട്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ ചാമ്പിക്ക് നിലവിൽ മണിക്കൂറിൽ 191 കിലോമീറ്റർ വരെ വേഗതയുണ്ട്.
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് തായ്വാനിലെ 262 ആഭ്യന്തര വിമാന സർവീസുകളും 669 അന്താരാഷ്ട്ര സർവീസുകളും പൂർണ്ണമായി റദ്ദാക്കി. അതേസമയം, പ്രധാന ഹൈസ്പീഡ് റെയിൽ സർവീസുകളും തായ്പേയിലെ മെട്രോ സംവിധാനങ്ങളും പരിമിതമായ തോതിൽ പ്രവർത്തിക്കുന്നുണ്ട്. തായ്വാന് വടക്കുകിഴക്കായി കടന്നുപോകുന്ന ചുഴലിക്കാറ്റ് പിന്നീട് ചൈനീസ് തീരത്തേക്ക് തിരിഞ്ഞ് ജപ്പാനിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




