ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:08 ഓടെ കനേഡിയൻ ആരോഗ്യവകുപ്പിലെ (Health Canada) ജീവനക്കാർ ജോലി ചെയ്യുന്ന സർ ഫ്രെഡറിക് ബാന്റിംഗ് കെട്ടിടത്തിൽ വിഷവാതക ചോർച്ച. സംഭവത്തിനെ തുടർന്ന് ഹസ്മത് ടീമിനെ (hazmat team) വിളിച്ചെന്ന് ഒട്ടാവ ഫയർ സർവീസസ് വക്താവ് നിക്ക് ഡെഫാസിയോ മാധ്യമങ്ങളോട് പറഞ്ഞു.
കെട്ടിടത്തിനുള്ളിലെ കംപ്രസറിൽ (compressor) നിന്നാണ് ഫോസ്ജീൻ വാതകം ചോർന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവസ്ഥലത്ത് 10 പേരെ പരിശോധിച്ചെങ്കിലും ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നില്ലെന്ന് ഒട്ടാവ പാരാമെഡിക്സ് വക്താവ് മാർക്ക്-ആന്റോയിൻ ഡെഷാംപ്സ് പറഞ്ഞു. ചോർച്ചയുണ്ടായ സമയത്ത് എത്ര തൊഴിലാളികൾ കെട്ടിടത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
അപകടസാധ്യതയുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഹസ്മത് സംഘം എത്തുന്നതിന് മുൻപ് തന്നെ കെട്ടിടത്തിലെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചെന്നും കംപ്രസ്സർ ഓഫ് ആക്കാൻ സാധിച്ചെന്നും ഡെഫാസിയോ പറഞ്ഞു.
അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിൽ രണ്ടുതവണ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന്, കെട്ടിടത്തിലെ വായുവിന്റെ ഗുണനിലവാരം സാധാരണ നിലയിലായതിന് ശേഷമാണ് ഹസ്മത് ടീം മടങ്ങിയത്. പുതിയ പുല്ലിന്റെ ഗന്ധമുള്ള നിറമില്ലാത്തതും തീ പിടിക്കാത്തതുമായ വാതകമാണ് ഫോസ്ജീൻ. ഉയർന്ന അളവിൽ ഇത് വളരെ വിഷമുള്ളതാണെന്ന് അധികൃതർ പറഞ്ഞു.



