വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം ഈ വർഷം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അടുത്ത വർഷം (2027) ആദ്യത്തോടെ ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി ഈ വർഷം അവസാനം താൻ ഇന്ത്യയിലെത്തുമെന്നും ഒരുക്കങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് പ്രസിഡന്റിന്റെ സന്ദർശനം നീളുന്നതോടെ ഈ വർഷം ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ക്വാഡ് (Quad) ഉച്ചകോടിയുടെ സാധ്യതകളും മങ്ങിയിരിക്കുകയാണ്.
ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം ഉടൻ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നയതന്ത്ര ലോകം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ (BTA) അവസാന ഘട്ടത്തിലാണെന്നും ചർച്ചകൾ ഉടൻ അന്തിമരൂപത്തിലേക്ക് എത്തുമെന്നും മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. മോദിയും ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുന്നുണ്ടെന്നും അമേരിക്കയുടെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളികളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അഹമ്മദാബാദിൽ തനിക്ക് ലഭിച്ച ‘നമസ്തേ ട്രംപ്’ സ്വീകരണത്തെക്കുറിച്ച് ട്രംപ് നേരത്തെ വാചാലനായിരുന്നു. രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിനായുള്ള ഔദ്യോഗിക തീയതികൾ പ്രഖ്യാപിക്കുമെന്ന് രാജ്യം പ്രതീക്ഷിച്ചിരിക്കെയാണ് ഈ വർഷം സന്ദർശനം ഉണ്ടാകില്ലെന്ന സ്ഥിരീകരണം വരുന്നത്. എങ്കിലും ഊർജ്ജ സുരക്ഷ, പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി മുന്നോട്ട് പോകുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Trump will not visit India this year; Marco Rubio says visit will be early next year, Quad summit will also be extended
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





