വാഷിംഗ്ടൺ: വിദേശ തൊഴിലാളികൾക്ക് നൽകുന്ന എച്ച്-1ബി (H-1B), പേം (PERM) തൊഴിൽ വിസകളിലെ വൻ ക്രമക്കേടുകൾ കണ്ടെത്താൻ അമേരിക്കൻ ഭരണകൂടം വ്യാപകമായ അന്വേഷണം ആരംഭിച്ചു. വിദേശ തൊഴിൽ വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനായി ഡൊണാൾഡ് ട്രംപ് ഭരണകൂടം നടത്തുന്ന ഏറ്റവും ശക്തമായ നീക്കമാണിത്. ഇതിന്റെ ഭാഗമായി പ്രമുഖ ഐടി കമ്പനിയായ കോഗ്നിസെന്റ് ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾക്ക് യുഎസ് തൊഴിൽ വകുപ്പ് സമൻസ് അയച്ചിട്ടുണ്ട്. വിസിൽബ്ലോവർമാരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് കോഗ്നിസെന്റ് പോലുള്ള കമ്പനികളുടെ പേര് ഉയർന്നുവന്നതെന്നും എന്നാൽ നിലവിൽ കമ്പനിക്കെതിരെ ഔദ്യോഗികമായി കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്നും യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർ ജനറൽ ആന്റണി ഡി എസ്പോസിറ്റോ വ്യക്തമാക്കി.
സ്ഥിരതാമസത്തിനുള്ള വിസ സ്പോൺസർഷിപ്പുകളിലും എച്ച്-1ബി വിസകളിലും വലിയ തോതിലുള്ള ദുരുപയോഗം നടക്കുന്നുണ്ടെന്ന ആശങ്കയെത്തുടർന്നാണ് ഫെഡറൽ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയത്. ലേബർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇതിനകം തന്നെ ഡസൻ കണക്കിന് കമ്പനികൾക്ക് വിശദീകരണം തേടി നോട്ടീസ് അയച്ചുകഴിഞ്ഞു. ഈ വിസ തട്ടിപ്പുകൾ വെറുമൊരു നിയമലംഘനം മാത്രമല്ലെന്നും, ഇതിന് പിന്നിൽ രാജ്യാന്തര ക്രിമിനൽ ശൃംഖലകളും മനുഷ്യക്കടത്ത് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും അന്വേഷണ ഉദ്യോഗസ്ഥർ ഉന്നയിക്കുന്നുണ്ട്. അമേരിക്കൻ സാങ്കേതിക മേഖലയിലെ തദ്ദേശീയരായ തൊഴിലാളികളുടെ അവസരങ്ങൾ സംരക്ഷിക്കുന്നതിനായി വഞ്ചനയ്ക്കും സംഘടിത കുറ്റകൃത്യങ്ങൾക്കുമെതിരെ ശക്തമായ പ്രചാരണമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
അമേരിക്കയിലെ എച്ച്-1ബി വിസ പ്രയോജനപ്പെടുത്തുന്നവരിൽ ഭൂരിഭാഗവും ഇന്ത്യൻ ഐടി പ്രൊഫഷണലുകളായതിനാൽ ഈ അന്വേഷണം ഇന്ത്യയിലും വലിയ ചർച്ചകൾക്ക് വഴിവെക്കും. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ആകെ അനുവദിച്ച എച്ച്-1ബി വിസകളിൽ 71 ശതമാനവും ലഭിച്ചത് ഇന്ത്യൻ പൗരന്മാർക്കാണ്. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, എഞ്ചിനീയർമാർ, ഗവേഷകർ തുടങ്ങിയ ആയിരക്കണക്കിന് ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് യുഎസിലേക്ക് ചേക്കേറാനുള്ള പ്രധാന മാർഗ്ഗമാണിത്. അമേരിക്കയിലെ പുതിയ സാഹചര്യങ്ങൾ ഇന്ത്യൻ ഐടി മേഖലയും സാങ്കേതിക വിദഗ്ധരും ഏറെ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
H-1B visa fraud: Trump administration launches investigation against major IT companies, including Cognizant.






