വാഷിങ്ടൺ : ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ മൂന്ന ലക്ഷത്തിലധികം യുഎസ് വിസകൾ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. രാജ്യത്ത് ശക്തമായ കുടിയേറ്റ വിരുദ്ധ നടപടികൾ തുടരുന്നതിനിടയിലാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി വിസ റദ്ദാക്കലുകൾ വൻതോതിൽ വർധിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ജനുവരിയിൽ ട്രംപ് ഭരണകൂടം അധികാരമേറ്റതിനുശേഷമുള്ള വിസ റദ്ദാക്കലുകളുടെ എണ്ണം ആഗസ്റ്റ് 10-ലെ കണക്കുകൾ പ്രകാരം 175,000 കവിഞ്ഞിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ എണ്ണം മൂന്ന് ലക്ഷം കടന്നതായി വ്യക്തമായിരിക്കുന്നത്. ചരിത്രത്തിലെ ഏത് ഭരണകൂടത്തേക്കാളും വേഗത്തിലും കൂടുതൽ എണ്ണത്തിലുമാണ് തങ്ങൾ വിസകൾ റദ്ദാക്കിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് എക്സിൽ കുറിച്ചു.
നിയമലംഘനം നടത്തുന്നതോ തട്ടിപ്പുകളിൽ ഏർപ്പെടുന്നതോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ വിദേശികളോട് യാതൊരു ദാക്ഷിണ്യവുമില്ലാത്ത സമീപനമാണ് ഭരണകൂടത്തിനുള്ളതെന്ന് ടോമി പിഗോട്ട് വ്യക്തമാക്കി. ആഭ്യന്തര സുരക്ഷ മെച്ചപ്പെടുത്തുകയാണ് കുടിയേറ്റ വിരുദ്ധ നടപടികളുടെയും നാടുകടത്തൽ യജ്ഞങ്ങളുടെയും ലക്ഷ്യമെന്നാണ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഈ നടപടികൾ പൗരാവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്ന് അവകാശവാദികൾ ചൂണ്ടിക്കാണിക്കുന്നു.
ഗാസയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫലസ്തീൻ അനുകൂല വിദേശ പ്രകടനക്കാരുടെയും, യാഥാസ്ഥിതിക കമന്റേറ്ററായ ചാർലി കിർക്കിന്റെ വധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവെച്ച വിദേശികളുടെയും വിസകൾ റദ്ദാക്കിയത് മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇതിനുപുറമെ, കുടിയേറ്റക്കാരുടെയും വിസ അപേക്ഷകരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കാനും ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്.
വിമർശകരെ ലക്ഷ്യമിടാൻ ദേശീയ സുരക്ഷാ കാരണങ്ങൾ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. മിനസോട്ടയിലെ സോമാലി അമേരിക്കൻ സമൂഹം പോലുള്ള പ്രത്യേക കുടിയേറ്റ വിഭാഗങ്ങളെ ഒറ്റപ്പെട്ട തട്ടിപ്പ് കേസുകളുടെ പേരിൽ സർക്കാർ ലക്ഷ്യമിടുന്നുവെന്നും ആരോപണമുണ്ട്. നിയമപരമായ കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ചില തൊഴിൽ വിസകൾക്ക് ഉയർന്ന ഫീസ് ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളും ട്രംപ് ഭരണകൂടം നടപ്പിലാക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




