വാഷിംഗ്ടൺ: അമേരിക്കയിലുള്ള അഫ്ഗാൻ അഭയാർഥികളെ തിരികെ നാടുകടത്താൻ ട്രംപ് ഭരണകൂടം നീക്കം തുടരുന്നതായി റിപ്പോർട്ട്. 150-ലധികം അഫ്ഗാൻ അഭയാർഥികളെ തിരിച്ചയക്കാൻ തയാറെടുക്കുന്നതായി യു.എസ് ഉദ്യോഗസ്ഥരെയും വിവിധ മനുഷ്യാവകാശ-വെറ്ററൻസ് സംഘടനകളെയും ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുക്കുകയും യു.എസ് സേന പിൻവാങ്ങുകയും ചെയ്തതോടെ രാജ്യത്തുനിന്ന് രക്ഷപ്പെട്ടവരാണ് ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്നതെന്ന് #AfghanEvac കൂട്ടായ്മയുടെ അധ്യക്ഷൻ ഷോൺ വാൻഡൈവർ വ്യക്തമായി. യു.എസ് സൈന്യത്തോടൊപ്പം പ്രവർത്തിച്ചവരുടെ സഹോദരന്മാരും മക്കളുമാണ് ഈ പട്ടികയിലുള്ളതെന്നും താലിബാന്റെ പ്രതികാര നടപടികൾക്ക് ഇരയാകാൻ സാധ്യതയുള്ള കുടുംബങ്ങളാണ് ഇവയെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
അഫ്ഗാൻ പൗരന്മാർക്ക് താത്കാലിക സംരക്ഷണ പദവി നൽകുന്ന നിയമനിർമാണം യു.എസ് കോൺഗ്രസ് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ലൂസിയാനയിൽ ഡസൻകണക്കിന് അഫ്ഗാൻ അഭയാർഥികളെ ഭരണകൂടം തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. തിങ്കളാഴ്ചയോടെ ഇവരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം പുറപ്പെടുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താലിബാനുമായി അമേരിക്കയ്ക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്തതിനാൽ പാകിസ്താൻ വഴിയായിരിക്കും നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുകയെന്ന് യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള കർശന നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം. എന്നാൽ യു.എസ് ഭരണകൂടത്തിന്റെ ഈ നടപടികൾ വംശീയ അധിക്ഷേപങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കിടയിലെ അരക്ഷിതാവസ്ഥയ്ക്കും വഴിവെക്കുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി. അതേസമയം, ഭാവിയിലെ നാടുകടത്തൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ മുൻകൂട്ടി വ്യക്തമാക്കാനാകില്ലെന്നാണ് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ നിലപാട്. 2023 മുതൽ രണ്ട് ദശലക്ഷത്തിലധികം അഫ്ഗാൻ പൗരന്മാരെ പാകിസ്താൻ സ്വന്തം രാജ്യത്തേക്ക് നിർബന്ധിതമായി നാടുകടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്കയിൽ നിന്നുള്ള തിരിച്ചയക്കൽ കൂടിയാകുമ്പോൾ അഫ്ഗാൻ അഭയാർഥികളുടെ ജീവിതം കൂടുതൽ സങ്കീർണ്ണമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




