ഹൈദരാബാദ്: കന്നഡ താരം യഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ‘ടോക്‌സിക്’ പ്രീ-റിലീസ് ചടങ്ങിനിടെയുണ്ടായ വൻ അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. തെലങ്കാനയിലെ മേഡ്ചാൽ-മൽകാജ്ഗിരി ജില്ലയിലുള്ള മല്ല റെഡ്ഢി യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിക്കിടെ സൗണ്ട് ലൈറ്റിങ് സിസ്റ്റം തകർന്നു വീണാണ് അപകടമുണ്ടായത്. കാണികളുടെയും വിദ്യാർഥികളുടെയും മുകളിലേക്ക് കൂറ്റൻ ഫ്ലഡ്‌ലൈറ്റ് പോളും സൗണ്ട് ബോക്സുകളും മറിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില നിലവിൽ ഗുരുതരമായി തുടരുന്നു.
വേദിയിൽ നായകൻ യഷും എം.എൽ.എ മല്ല റെഡ്ഢിയും കാണികളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം. പ്രിയതാരത്തെ നേരിട്ട് കാണാൻ വൻ ജനക്കൂട്ടമാണ് സർവകലാശാലാ പരിസരത്തേക്ക് ഇരച്ചെത്തിയത്. ആവേശഭരിതരായ ആരാധകർ സ്പീക്കറുകൾ സ്ഥാപിച്ചിരുന്ന സ്റ്റാൻഡിൽ വലിഞ്ഞുകയറുകയും തിക്കും തിരക്കും സൃഷ്ടിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സ്റ്റാൻഡിന്റെ സമ്മർദ്ദം താങ്ങാനാകാതെ സ്പീക്കർ ബോക്സുകളും ഫ്ലഡ്‌ലൈറ്റുകളും സ്റ്റേജിന് സമീപത്തുണ്ടായിരുന്നവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. സംഭവസ്ഥലത്ത് വെച്ച് ബോധരഹിതയായ പെൺകുട്ടി ഉൾപ്പെടെ എല്ലാ ബാധിതരെയും ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ പരിപാടികൾ നിർത്തിവെച്ച യഷ്, പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ച് സംഘാടകരിൽ നിന്ന് വിവരങ്ങൾ തേടി. കുട്ടികൾ സുരക്ഷിതരാണെന്ന ഉറപ്പ് ലഭിച്ച ശേഷമാണ് പ്രോഗ്രാം പുനരാരംഭിച്ചത്. അതേസമയം, സുരക്ഷ മുൻനിർത്തി വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വലിയൊരു വിഭാഗം സ്റ്റേജിന് സമീപം നിലയുറപ്പിച്ചത് നിയന്ത്രണം ദുഷ്കരമാക്കിയെന്ന് സൈബറാബാദ് പോലീസ് വ്യക്തമാക്കി.
Toxic Pre-Release Event Accident Injures Three Students
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








