ടൊറന്റോ: ജാമ്യവ്യവസ്ഥ തെറ്റിച്ച് കാലിലെ ജി.പി.എസ് ട്രാക്കർ അറുത്തുമാറ്റി ഒളിവിൽ പോയ പത്തൊൻപതുകാരിക്കായി കാനഡയിൽ തിരച്ചിൽ ശക്തമാക്കി പൊലീസ്. ഡെനിസ ഡുമിട്രു എന്ന യുവതിയാണ് ഒളിവിൽ പോയത്. ഒക്ടോബർ 5-ന് രാവിലെ എട്ടരയോടെ ടൊറന്റോയിലെ സിൽവർസ്റ്റോൺ-മൗണ്ട് ഡ്രൈവ് പ്രദേശത്താണ് സംഭവം. വിവിധ കേസുകളിൽ പ്രതിയായ ഡെനിസ, കോടതിയുടെ കർശന ജാമ്യത്തിലാണ് പുറത്തിറങ്ങിയിരുന്നത്.
എല്ലാ ദിവസവും രാത്രി ജാമ്യക്കാരനൊപ്പം കഴിയണമെന്നും കാലിൽ ജി.പി.എസ് നിരീക്ഷണ ഉപകരണം ധരിക്കണമെന്നുമായിരുന്നു പ്രധാന വ്യവസ്ഥകൾ. എന്നാൽ യുവതി വീട്ടിലില്ലെന്നും ട്രാക്കർ അഴിച്ചുമാറ്റിയെന്നും കാണിച്ച് അധികൃതർക്ക് സന്ദേശം ലഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി ഒളിവിൽ പോയെന്ന് വ്യക്തമായി. ജാമ്യവ്യവസ്ഥകൾ രണ്ടുതവണ ലംഘിച്ചതിന് ഡെനിസക്കെതിരെ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചു. അഞ്ച് അടി അഞ്ച് ഇഞ്ച് ഉയരവും ഇടത്തരം ശരീരവുമുള്ള യുവതിക്ക് നീളമുള്ള കറുത്ത മുടിയാണുള്ളത്. ഇവരുടെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ടൊറന്റോ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





