ടൊറന്റോ: നഗരത്തിലെ ക്രമസമാധാന പരിപാലനവും പൊതുസുരക്ഷയും പ്രധാന പ്രചാരണ വിഷയമാക്കി ടൊറന്റോ മേയർ തിരഞ്ഞെടുപ്പിൽ ഒലിവിയ ചൗവും ബ്രാഡ് ബ്രാഡ്ഫോർഡും. കുറ്റകൃത്യങ്ങളുടെ കണക്കുകളിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സേനയിലേക്ക് നിയമിക്കുമെന്നാണ് ഇരു സ്ഥാനാർത്ഥികളുടെയും പ്രധാന വാഗ്ദാനം. എന്നാൽ, ഇത് നടപ്പിലാക്കാൻ ഇരുവർക്കും വ്യത്യസ്തമായ പദ്ധതികളാണുള്ളത്.
നിലവിലെ മേയറായ ഒലിവിയ ചൗ തന്റെ ഭരണത്തിന് കീഴിൽ നഗരത്തിൽ കുറ്റകൃത്യങ്ങളും ഭവനരഹിതരുടെ എണ്ണവും കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടുന്നത്. 2024-ൽ ആരംഭിച്ച അഞ്ചുവർഷത്തെ പദ്ധതിയിലൂടെ 809 പുതിയ പൊലീസ് ഉദ്യോഗസ്ഥരെ അധികമായി സേനയിൽ ഉൾപ്പെടുത്താനാണ് ചൗ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 627 ഉദ്യോഗസ്ഥരുടെ അറ്റവർധനവ് സേനയിലുണ്ടായിട്ടുണ്ട്. നിലവിൽ വർഷം തോറും വിരമിക്കുന്നവരുടെ ഒഴിവുകൾ നികത്തിക്കൊണ്ട് ഘട്ടങ്ങളായി നിയമനം നടത്താനാണ് ചൗവിന്റെ നീക്കം.
അതേസമയം, നഗരവാസികൾക്ക് ഇപ്പോഴും സുരക്ഷിതത്വ ബോധം ലഭിക്കുന്നില്ലെന്ന് ആരോപിക്കുന്ന ബ്രാഡ് ബ്രാഡ്ഫോർഡ്, അടുത്ത നാല് വർഷത്തിനുള്ളിൽ 1,000 പുതിയ പൊലീസുകാരെ നിയമിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഒരു വർഷം 250 ഉദ്യോഗസ്ഥരെ വീതം അധികമായി സേനയിൽ എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനായി നാല് വർഷത്തേക്ക് 14.3 കോടി ഡോളർ ചെലവ് വരുമെന്നാണ് ബ്രാഡ്ഫോർഡിന്റെ പ്രചാരണ വിഭാഗം വ്യക്തമാക്കുന്നത്. നഗരത്തിലെ വസ്തുനികുതി വർദ്ധിപ്പിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകുന്നുണ്ട്.
എന്നാൽ, ബ്രാഡ്ഫോർഡിന്റെ വാഗ്ദാനം നടപ്പിലാക്കുക അത്ര എളുപ്പമല്ലെന്നാണ് ടൊറന്റോ പൊലീസ് അസോസിയേഷൻ (TPA) ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ഒന്റാറിയോ പോലീസിന്റെ പരിശീലന ശേഷി പൂർണ്ണമായും ഉപയോഗപ്പെടുത്തിയാണ് ഒലിവിയ ചൗ നിയമനങ്ങൾ നടത്തുന്നത്. ബ്രാഡ്ഫോർഡ് വാഗ്ദാനം ചെയ്യുന്നത് പോലെ പ്രതിവർഷം 450-ഓളം പേർക്ക് പരിശീലനം നൽകണമെങ്കിൽ പ്രവിശ്യാ സർക്കാരിന്റെ പ്രത്യേക സഹായത്തോടെ പുതിയ സാറ്റലൈറ്റ് ക്യാമ്പസുകൾ തുറക്കേണ്ടി വരും. പ്രവിശ്യാ സർക്കാരിന്റെ നിലപാടുകൾക്ക് വിധേയമായി മാത്രമേ ബ്രാഡ്ഫോർഡിന്റെ പദ്ധതി യാഥാർത്ഥ്യമാക്കാനാകൂ.
ടൊറന്റോ നഗരസഭയുടെ 2026-ലെ പ്രവർത്തന ബജറ്റിൽ 143 കോടി ഡോളറാണ് പൊലീസ് സേനയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. നഗരസഭാ ബജറ്റിലെ ഏറ്റവും വലിയ തുകകളിലൊന്നാണിത്. ആകെ ബജറ്റിന്റെ 31 ശതമാനം വസ്തുനികുതിയിലൂടെയും 24 ശതമാനം ഫെഡറൽ-പ്രവിശ്യാ ഫണ്ടുകളിലൂടെയുമാണ് കണ്ടെത്തുന്നത്. തിരഞ്ഞെടുപ്പ് തീയതി അടുത്തിരിക്കെ പൊതുസുരക്ഷയുമായി ബന്ധപ്പെട്ട ഇരു സ്ഥാനാർത്ഥികളുടെയും വാഗ്ദാനങ്ങൾ വോട്ടർമാർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





