ടൊറോൻറോ രാജ്യാന്തര ചലച്ചിത്രമേള സെപ്റ്റംബറിൽ അൻപതാം പിറന്നാളാഘോഷിക്കുകയാണ്. കാനഡയിലെ ‘ഉത്സവങ്ങളുടെ ഉത്സവ’മായാണ് ടൊറോൻറോ രാജ്യാന്തരചലച്ചിത്രോത്സവം അറിയപ്പെടുന്നത്. ഇത്തവണ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 74 പ്രധാനചിത്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങളാണ് ഇതുവരെ ഇടം പിടിച്ചിട്ടുള്ളത്. നീരജ് ഗയാവാൻറെ ‘ഹോംബൗണ്ട്’, അനുരാഗ് കാശ്യപിൻറെ ‘മങ്കി ഇൻ എ കെയ്ജ്’, രമേഷ് സിപ്പിയുടെ ‘ഷോലെ’ (പുതിയ പതിപ്പിൻറെ പ്രദർശനം) എന്നിവയാണ് ചിത്രങ്ങൾ. വരുന്ന ആഴ്ചയോടെ ബാക്കി വരുന്ന മുന്നൂറിലധികം ചിത്രങ്ങളുടെ പേരുകളും പുറത്തുവരും. തെന്നിന്ത്യൻ ചിത്രങ്ങളുടെ അഭാവം കഴിഞ്ഞ രണ്ടുമൂന്നു വർഷമായി മേളയിലുണ്ടായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട പ്രധാനചിത്രങ്ങളുടെ പേരുകളിൽ അലെക്സ് വിന്ററിന്റെ ‘അഡൽറ്റ്ഹുഡ്’, സ്കാർലറ്റ് ജോഹാൻസൻറെ ‘എലിനോർ ദ് ഗ്രേറ്റ്’, അസീസ് അൻസാരിയുടെ ‘ഗുഡ് ഫോർച്യുൺ’, ജെയിംസ് വാൻഡെർബിൽറ്റിൻറെ ‘ന്യൂറംബർഗ്’, ആലിസ് വിനോകോറിൻറെ ‘കൗച്ചർ’, ഗ്വിലേർമോ ഡെൽടോറോയുടെ ‘ഫ്രാങ്കൻസ്റ്റീൻ’, ജാഫെർ പനാഹിയുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡെൻറ്’, മാർക് ജെൻകിന്റെ ‘റോസ് ഒഫ് നെവാദ’, മാമോറു ഹൊസോദയുടെ ‘സ്കാർലറ്റ്’, സ്റ്റീവെൻ സോഡെർബെർഗിൻറെ ‘ദ് ക്രിസ്റ്റോഫേർസ്’ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.
നഗരത്തിലെ മുപ്പതിലധികം വേദികളിലായിട്ടാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. നാനൂറിൽ താഴെ വരുന്ന ചിത്രങ്ങൾ കാണാനായി ലോകത്തിൻറെ പലഭാഗത്തുനിന്നുമായി നിരവധിപേരെത്തും.പ്രതിവർഷം അഞ്ചുലക്ഷത്തോളം പേരാണ് മേളയ്ക്ക് എത്തുന്നത്. രണ്ടായിരത്തോളം മാധ്യമപ്രതിനിധികളും ഇവിടേക്കെത്തും. സുഗമമായ നടത്തിപ്പിനായി രണ്ടായിരത്തഞ്ഞൂറോളം വൊളന്റിയർമാരും മേളയുടെ വേദികളിലുണ്ടാവും. സെപ്റ്റംബർ 4 മുതൽ 14 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. സാധാരണയായി ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളാണ് ഓസ്കർ വേദികളിലടക്കം മികച്ച പ്രകടനം കാഴ്ചവെക്കാറുള്ളത്.
indian films in toronto international film festival






