ടൊറന്റോ : ടൊറന്റോ സിറ്റി കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നഗരത്തിൽ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നു. ഒക്ടോബർ 26-ന് നടക്കുന്ന വോട്ടെടുപ്പിൽ സമീപകാലത്തെ ഏറ്റവും ശക്തമായ മത്സരത്തിനാണ് ടൊറന്റോ സാക്ഷ്യം വഹിക്കുന്നത്. രണ്ട് ലക്ഷത്തിലധികം വോട്ടർമാർ ഇതിനകം തന്നെ മുൻകൂർ വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. വോട്ടെടുപ്പ് തീയതി അടുത്തതോടെ വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് സ്ഥാനാർത്ഥികൾ.
മേയർ പോരാട്ടത്തിൽ നിലവിലെ മേയർ ഒലീവിയ ചൗവും ബ്രാഡ് ബ്രാഡ്ഫോർഡും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. വസ്തുനികുതി, ക്രമസമാധാനം, പൊതുഗതാഗത സംവിധാനമായ ടി.ടി.സിയുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിലാണ് ഇരു സ്ഥാനാർത്ഥികളും തമ്മിൽ പ്രധാനമായും വാഗ്വാദങ്ങൾ നടക്കുന്നത്. ബ്രാഡ്ഫോർഡിന്റെ ബജറ്റ് വെട്ടിക്കുറയ്ക്കൽ വാഗ്ദാനങ്ങൾ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുമ്പോൾ, സ്കൂൾ കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുമെന്ന ഒലീവിയ ചൗവിന്റെ വാഗ്ദാനം എവിടെനിന്ന് പണം കണ്ടെത്തി നടപ്പാക്കുമെന്നാണ് എതിരാളികളുടെ ചോദ്യം.
മേയർ സ്ഥാനത്തേക്ക് ആകെ 52 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സർവേകളിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ക്രിസ് അലക്സാണ്ടർ റേസിൽ നിന്ന് പിന്മാറിയത് പോരാട്ടത്തിന്റെ ചിത്രം മാറ്റിമറിച്ചിട്ടുണ്ട്. മേയർ തിരഞ്ഞെടുപ്പിന് പുറമെ കൗൺസിലർ സ്ഥാനങ്ങളിലേക്കും സ്കൂൾ ബോർഡ് ട്രസ്റ്റി സ്ഥാനങ്ങളിലേക്കും ശക്തമായ മത്സരമാണ് നടക്കുന്നത്. ടൊറന്റോ സെന്റർ, ബീച്ചസ്-ഈസ്റ്റ് യോർക്ക്, സ്കാർബറോ നോർത്ത്, ടൊറന്റോ-ഡാൻഫോർത്ത് തുടങ്ങിയ വാർഡുകളിൽ അത്യന്തം വാശിയേറിയ മത്സരമാണ് നടക്കുന്നത്.
മേയർ, കൗൺസിലർ തിരഞ്ഞെടുപ്പുകൾക്കൊപ്പം നടക്കുന്ന ട്രസ്റ്റി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ താല്പര്യമില്ലാത്തവർക്ക് ബാലറ്റിലെ ആ ഭാഗം ഒഴിവാക്കി മേയർക്കും കൗൺസിലർക്കും മാത്രമായി വോട്ട് ചെയ്യാനും സിറ്റി അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്. ഒക്ടോബർ 26-ന് നടക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കാൻ തങ്ങളുടെ തിരിച്ചറിയൽ രേഖയും മേൽവിലാസം തെളിയിക്കുന്ന രേഖകളുമായി പോളിംഗ് സ്റ്റേഷനുകളിലെത്തണമെന്ന് സിറ്റി അഡ്മിനിസ്ട്രേഷൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





