ലാസ: ചൈനയുടെ തെക്കുപടിഞ്ഞാറൻ സ്വയംഭരണ പ്രദേശമായ തിബത്തിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ കടുപ്പമേറിയ ഭൂകമ്പം. വടക്കൻ തിബത്തിലെ നാഗ്ചു (Nagqu) പ്രവിശ്യ കേന്ദ്രീകരിച്ചുണ്ടായ പ്രകൃതിദുരന്തത്തിൽ കുറഞ്ഞത് 16 പേർ കൊല്ലപ്പെടുകയും 32-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 10.33 ഓടെയായിരുന്നു അതിശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്.
പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണെന്ന് നാഗ്ചു എമർജൻസി മാനേജ്മെന്റ് ബ്യൂറോ വ്യക്തമാക്കി. സമുദ്രനിരപ്പിൽ നിന്ന് അയ്യായിരം മീറ്ററോളം ഉയർന്ന പ്രദേശത്ത് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. തുടർച്ചയായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതോടെ ഭയചകീതരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും തെരുവുകളിലേക്കും വാഹനങ്ങളിലേക്കും ഇറങ്ങിയോടി. 2024 ജനുവരിക്ക് ശേഷം ചൈനയിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ ഭൂകമ്പമാണിത്.
ഭൂകമ്പത്തിന്റെ ആഘാതത്തിൽ നാഗ്ചുവിലെ പല ഗ്രാമങ്ങളിലെയും വീടുകൾക്ക് വൻതോതിൽ വിള്ളലുകൾ വീഴുകയും ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് മേഖലയിൽ റിക്ടർ സ്കെയിലിൽ 3 മുതൽ 4 വരെ തീവ്രതയുള്ള ചെറു ചലനങ്ങളും തുടർച്ചയായി അനുഭവപ്പെടുന്നുണ്ട്. തിബത്തൻ തലസ്ഥാനമായ ലാസയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് ദുരന്തമേഖല സ്ഥിതി ചെയ്യുന്നത്.
തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ പ്രാദേശിക അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു. കനത്ത തണുപ്പും ഉയർന്ന ഭൂപ്രകൃതിയും തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. 2010-ൽ അയൽപ്രദേശമായ ക്വിംഗ്ഹായിയിലുണ്ടായ 7.1 തീവ്രതയുള്ള ഭൂകമ്പത്തിൽ 2,600-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




