അവസാനനിമിഷം വരെ നോക്കൗട്ട് പ്രതീക്ഷകൾ കാത്തുസൂക്ഷിച്ച ഇറാൻ ലോകകപ്പിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് ജി യിലെ നിർണായക മത്സരത്തിൽ ഓസ്ട്രിയയും അൾജീരിയയും സമനിലയിൽ പിരിഞ്ഞതോടെയാണ് ഇറാന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിച്ചത്. മികച്ച എട്ട് മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്ന ഇറാന്, ഇന്നത്തെ മത്സരത്തിൽ അൾജീരിയ തോൽക്കുമെന്ന പ്രതീക്ഷ മാത്രമാണുണ്ടായിരുന്നത്. എന്നാൽ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ അൾജീരിയയും ഓസ്ട്രിയയും 3-3 എന്ന ഗോൾ നിലയിൽ സമനിലയിൽ പിരിഞ്ഞത് ഇറാന് കനത്ത തിരിച്ചടിയും വേദനയുമായി.
ഗ്രൂപ്പ് ജി യിൽ ബെൽജിയം, ഈജിപ്ത്, ന്യൂസിലാൻഡ് എന്നിവർക്കെതിരെ മൂന്ന് സമനിലകൾ നേടിയാണ് ഇറാൻ ടൂർണമെന്റിൽ അജയ്യരായി മുന്നേറിയത്. ആദ്യ മത്സരത്തിൽ ന്യൂസിലന്റിനെതിരെ രണ്ട് ഗോളുകളുടെ സമനില വഴങ്ങിയ അവർ, രണ്ടാം മത്സരത്തിൽ വമ്പന്മാരായ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ചു. മൂന്നാം മത്സരത്തിൽ ഈജിപ്തിനെതിരെ ഒരു ഗോളിന്റെ സമനിലയാണ് വഴങ്ങിയത്. ഈ മത്സരത്തിൽ അവസാനനിമിഷം ഇറാൻ നേടിയ ഗോൾ വാർ (VAR) ചെക്കിലൂടെ ഓഫ് സൈഡ് വിധിച്ചതാണ് അവർക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. കേവലം ഒരു ഗോളിന്റെ അകലം മാത്രമായിരുന്നു ഇറാന് നോക്കൗട്ട് യോഗ്യതയിലേക്ക് ഉണ്ടായിരുന്നത്.
പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മറ്റൊരു ദേശീയ ടീമും നേരിടാത്ത കടുത്ത നയതന്ത്ര പ്രതിസന്ധികളുമായാണ് ഇറാൻ ഇത്തവണ യു.എസിൽ ലോകകപ്പിനെത്തിയത്. വിസ നിയന്ത്രണവും യാത്രാവിലക്കും കാരണം വിവിധ വേദികളിലേക്ക് യാത്ര ചെയ്യാൻ ടീം ഏറെ ബുദ്ധിമുട്ടിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ കളി തുടങ്ങുന്നതിന് വെറും 24 മണിക്കൂർ മുൻപ് മാത്രമാണ് ടീമിന് യു.എസിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചത്. ഇത് കളിക്കാരുടെ വിശ്രമത്തെയും പ്രകടനത്തെയും വല്ലാതെ ബാധിച്ചതായി ഇറാൻ കോച്ച് അമീർ ഗാലെനോയിയും നായകൻ അലിറേസ ജഹാൻബക്ഷും തുറന്നുപറഞ്ഞു. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും മികച്ച പ്രകടനമാണ് ഇറാൻ കാഴ്ചവച്ചത്.
They fought until the end, but fate finally failed; Iran’s World Cup dreams are over.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





