ഹേസൽബ്രൂക്ക്: സ്വന്തം സ്ഥലത്തെ കിണറ്റിൽ നിന്നും കോരിയെടുത്തു കുടിച്ച വെള്ളം ശരീരത്തിൽ മാരക വിഷമായി പടർന്നതിനെത്തുടർന്ന് പ്രിൻസ് എഡ്വേർഡ് ഐലൻഡ് (P.E.I) സർക്കാരിനെതിരെ കോടികളുടെ നിയമപോരാട്ടവുമായി ഒരുകൂട്ടം കർഷകർ. വർഷങ്ങളായി കുടിച്ച വെള്ളത്തിലൂടെ ശരീരത്തിലെത്തിയ ‘ഫോറെവർ കെമിക്കൽസ്’ (PFAS) ജീവിതം തകർത്തുവെന്ന് ആരോപിച്ച് ഹേസൽബ്രൂക്കിലെ കർഷക ദമ്പതികളായ ഡഗ്ലസും റോബർട്ട ‘റോബിൻ’ ജെങ്കിൻസുമാണ് സർക്കാരിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരാൾക്ക് ഒരു ദശലക്ഷം ഡോളർ വീതം വ്യക്തിഗത നഷ്ടപരിഹാരവും, കൃഷിഭൂമി നശിച്ചതിനുള്ള വൻ തുകയും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
നാല് തലമുറകളായി ജെങ്കിൻസ് കുടുംബത്തിന്റെ കൈവശമുള്ള 130 ഏക്കർ കൃഷിഭൂമിയിലെ കിണറ്റിലാണ് ഹെൽത്ത് കാനഡ അനുവദിച്ച പരിധിയേക്കാൾ 20 മടങ്ങ് അധികം പി.എഫ്.എ.എസ് (PFAS) സാന്നിധ്യം കണ്ടെത്തിയത്. 2025 ജനുവരിയിൽ പ്രവിശ്യാ അധികൃതർ നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവര പുറത്തുവന്നത്. ലിറ്ററിന് 606.6 നാനോഗ്രാം എന്ന തോതിലായിരുന്നു കെമിക്കലുകളുടെ സാന്നിധ്യം. ഈ വെള്ളത്തിൽ ഒന്നു കുളിക്കാൻ പോലും തങ്ങൾക്ക് ഇപ്പോൾ ഭയമാണെന്ന് ഡഗ്ലസ് ജെങ്കിൻസ് പറയുന്നു. നിലവിൽ പ്രവിശ്യാ ഭരണകൂടം ഇവർക്ക് കുടിക്കാൻ കുപ്പിവെള്ളം എത്തിച്ചുനൽകുന്നുണ്ടെങ്കിലും ദൈനംദിന ജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
അമേരിക്കയിലെ ഒരു ലാബിൽ നടത്തിയ രക്തപരിശോധനയിൽ റോബിൻ ജെങ്കിൻസിന്റെ രക്തത്തിൽ യു.എസ് ആരോഗ്യ മാനദണ്ഡങ്ങൾ അനുവദിക്കുന്നതിലും അഞ്ചിരട്ടിയിലധികം മാരകമായ അളവിൽ പി.എഫ്.എ.എസ് കണ്ടെത്തി. ഡഗ്ലസിന്റെ രക്തത്തിലും വിഷാംശം ഉയർന്ന തോതിലാണ്. അടുത്ത കാലത്തായി ഡഗ്ലസിന് രണ്ട് തരം കാൻസർ സ്ഥിരീകരിച്ചിരുന്നു. ഇത് വെള്ളത്തിലെ വിഷാംശം മൂലമാണെന്ന് ഉറപ്പിച്ചു പറയാനാകില്ലെങ്കിലും, ആശങ്കയൊഴിയാതെ ജീവിക്കുകയാണ് ഈ വൃദ്ധദമ്പതികൾ.
പ്രകൃതിയിലോ മനുഷ്യശരീരത്തിലോ എത്തിയാൽ വർഷങ്ങളോളം നശിക്കാതെ കിടക്കുന്ന കൃത്രിമ രാസവസ്തുക്കളെയാണ് ‘ഫോറെവർ കെമിക്കൽസ്’ അഥവാ PFAS എന്ന് വിളിക്കുന്നത്. ഇവ ശരീരത്തിലെത്തിയാൽ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുകയും പ്രതിരോധശേഷി കുറയ്ക്കാനും ഹോർമോൺ വ്യതിയാനങ്ങൾക്കും കാരണമാകുകയും ചെയ്യും. നോൺ-സ്റ്റിക് പാത്രങ്ങൾ, വാട്ടർപ്രൂഫ് കോട്ടിംഗുകൾ, ചിലതരം ഫുഡ് പാക്കേജിംഗുകൾ എന്നിവയിലാണ് ഇവ സാധാരണയായി ഉപയോഗിക്കുന്നത്.
തങ്ങളുടെ വീടിനടുത്തുള്ള, മുൻപ് നിർമ്മാണാവശിഷ്ടങ്ങൾ തള്ളിയിരുന്ന മാലിന്യസംഭരണകേന്ദ്രമാണ് ഈ ദുരന്തത്തിന് കാരണമായി ജെങ്കിൻസ് കുടുംബം ചൂണ്ടിക്കാണിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഈ കേന്ദ്രത്തിൽ കൃത്യമായ മേൽനോട്ടമോ ശുചീകരണമോ നടത്തുന്നതിൽ പ്രവിശ്യാ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
പാരമ്പര്യമായി കിട്ടിയ മണ്ണ് മക്കൾക്ക് കൈമാറാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. വെള്ളത്തിലെ വിഷാംശം കാരണം ആരും ഈ വസ്തു വാങ്ങാൻ തയ്യാറാകുന്നില്ല. സർക്കാർ മുൻകൈയെടുത്ത് മണ്ണിലെയും വെള്ളത്തിലെയും വിഷാംശം പൂർണ്ണമായി നീക്കം ചെയ്ത് പഴയതുപോലെയാക്കി തരണമെന്നാണ് ഇവരുടെ ഒരേയൊരു ആവശ്യം. കേസിനെക്കുറിച്ച് പ്രതികരിക്കാൻ പി.ഇ.ഐ പരിസ്ഥിതി മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല.
They can’t drink their own water. Now they’re suing the province
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









