ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയിൽ വാഹന ഇൻഷുറൻസ് വ്യവസ്ഥകളിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ജൂലൈ ഒന്ന് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പുതിയ പരിഷ്കാരങ്ങൾ ഡ്രൈവർമാർക്ക് ഇൻഷുറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ഇളവുകൾ നൽകുമെങ്കിലും, ചില പരിരക്ഷകൾ ഒഴിവാക്കുന്നതിലെ അപകടസാധ്യതകൾ കണക്കിലെടുക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾ വ്യക്തമാക്കി. പുതിയ നിയമപ്രകാരം നേരത്തെ എല്ലാ പോളിസികളിലും നിർബന്ധമായി ഉൾപ്പെടുത്തിയിരുന്ന ഒൻപത് തരം അപകട ആനുകൂല്യങ്ങൾ ഇനി മുതൽ ഉപഭോക്താക്കളുടെ താല്പര്യപ്രകാരം മാത്രം തിരഞ്ഞെടുക്കാവുന്ന രീതിയിലാകും.
വരുമാന നഷ്ടം നികത്തൽ, പരിചരണ ആനുകൂല്യങ്ങൾ, വീട്ടുജോലി-പരിപാലന ചെലവുകൾ, മരണാനന്തര-ശവസംസ്കാര ചടങ്ങുകൾക്കുള്ള ധനസഹായം, വിദ്യാർത്ഥികൾക്കും വിരമിച്ചവർക്കുമുള്ള ആനുകൂല്യങ്ങൾ, നഷ്ടപ്പെട്ട വിദ്യാഭ്യാസ ചെലവുകൾ, സന്ദർശകരുടെ ചെലവുകൾ, വ്യക്തിഗത വസ്തുക്കൾക്കുണ്ടാകുന്ന കേടുപാടുകൾ എന്നിവയാണ് ഈ ഒൻപത് ആനുകൂല്യങ്ങൾ.
ഓപ്ഷണൽ ആനുകൂല്യങ്ങൾ ഒഴിവാക്കുന്നതിലൂടെ പ്രീമിയം തുകയിൽ പ്രതിവർഷം 75 മുതൽ 100 ഡോളർ വരെ ലാഭിക്കാൻ സാധിക്കുമെന്ന് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനമായ Surex വിലയിരുത്തി. എന്നാൽ ഇത് വലിയ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമായേക്കാമെന്നും, പ്രത്യേകിച്ച് കമ്പനികളുടെ മറ്റ് സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത സ്വയം തൊഴിൽ ചെയ്യുന്ന കനേഡിയൻമാരെയാണ് ഇത് ദോഷകരമായി ബാധിക്കുകയെന്നും സുറെക്സ് ചൂണ്ടിക്കാണിച്ചു.
ഗുരുതരമായ അപകടത്തെ തുടർന്ന് ഒരു വർഷത്തേക്ക് ജോലിക്ക് പോകാൻ സാധിക്കാത്ത സ്വയം തൊഴിൽ ചെയ്യുന്ന കരാറുകാരന്, പ്രതിവർഷം 75 ഡോളർ ലാഭിക്കാൻ വേണ്ടി പോളിസി ആനുകൂല്യം ഒഴിവാക്കിയാൽ ഏകദേശം 20,800 ഡോളർ വരെയുള്ള വരുമാന നഷ്ടപരിഹാരം നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്ന് സ്ഥാപനം കണക്കാക്കുന്നു. സാമ്പത്തിക പ്രത്യാഘാതങ്ങൾ പൂർണ്ണമായി മനസ്സിലാക്കാതെ ആനുകൂല്യങ്ങൾ ഒഴിവാക്കുന്നത് അപകടങ്ങൾക്ക് ശേഷമുള്ള നിയമപരമായ തർക്കങ്ങൾ വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് റേറ്റ്ഹബ്ബിന്റെ (Ratehub.ca) ആർഎച്ച് ഇൻഷുറൻസ് വൈസ് പ്രസിഡന്റ് മോർഗൻ റോബർട്ട്സ് വ്യക്തമാക്കി.
പുതിയ നിയമപ്രകാരം നിലവിലുള്ള പോളിസി ഉടമകൾ കരാർ പുതുക്കുമ്പോൾ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് കരുതരുതെന്ന് കോട്ടക് പേഴ്സണൽ ഇഞ്ചുറി ലോ സ്ഥാപകൻ നൈനേഷ് കോട്ടക് അറിയിച്ചു. രേഖാമൂലം ആവശ്യപ്പെട്ടില്ലെങ്കിൽ നിലവിലെ ആനുകൂല്യങ്ങൾ തുടരുമെങ്കിലും, ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരുടെ പട്ടികയിൽ മാറ്റമുണ്ടാകാം. പുതിയ ചട്ടങ്ങൾ പ്രകാരം കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, ചില പ്രത്യേക യാത്രികർ എന്നിവർക്ക് മുൻപ് മറ്റ് ഡ്രൈവർമാരുടെ പോളിസി വഴി ലഭിച്ചിരുന്ന അപകട ആനുകൂല്യങ്ങൾ ഇനി മുതൽ ലഭ്യമല്ലായെന്ന് വന്നേക്കാം.
പോളിസിയിൽ പേരുള്ള ഇൻഷുറൻസ് ഉടമ, പങ്കാളി, ആശ്രിതർ, പോളിസിയിൽ ഡ്രൈവർമാരായി രേഖപ്പെടുത്തിയവർ എന്നിവർക്ക് മാത്രമായിരിക്കും ഇനി മുതൽ ഓപ്ഷണൽ അപകട ആനുകൂല്യങ്ങൾ ലഭിക്കുക. പോളിസി പുതുക്കുന്നതിന് 30 മുതൽ 60 ദിവസം മുൻപ് കമ്പനികൾ ഉപഭോക്താക്കളെ അറിയിപ്പ് കത്ത് വഴി വിവരങ്ങൾ ധരിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
These 9 things in the policy are now your choice; Here’s the new law that Ontario vehicle owners need to know!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




