ഫുട്ബോൾ ലോകം ഇന്ന് ശ്വാസമടക്കിപ്പിടിക്കുന്നു. ഐബീരിയൻ ഉപദ്വീപിലെ ചിരവൈരികളായ സ്പെയിനും പോർച്ചുഗലും ലോകകപ്പ് പ്രീക്വാർട്ടറിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു. തലമുറകളുടെ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലമീൻ യമാലും കൊമ്പുകോർക്കുമ്പോൾ, കളം നിറയാൻ ഇരുടീമുകളും തയാർ. ഇന്ന് രാത്രി 12:30-നാണ് ഗ്ലാമർ പോരാട്ടം.

ഒരു വശത്ത് 41-ാം വയസ്സിലും ഗോൾപോസ്റ്റിലേക്ക് മിന്നൽപ്പിണറുകൾ പായിക്കാൻ ശേഷിയുള്ള ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. മറുവശത്ത് സ്പാനിഷ് പടയുടെ കരുത്തും പ്രതീക്ഷയുമായ കൗമാരതാരം ലമീൻ യമാൽ. ക്രിസ്റ്റ്യാനോ തന്റെ ആദ്യ രാജ്യാന്തര ഗോൾ നേടുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത യമാൽ, ഇന്ന് സ്പെയിനിന്റെ തുറുപ്പുചീട്ടാണ്. മത്സരശേഷം സൂപ്പർ താരപ്പട്ടികയിൽ നിന്ന് ഒരു പേര് മായുമെന്ന് ഉറപ്പാണ്.
ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത പഴുതടച്ച പ്രതിരോധവുമായാണ് സ്പെയിൻ എത്തുന്നത്. പെഡ്രി, റോഡ്രി, നിക്കോ വില്യംസ്, ഫെറാൻ ടോറസ്, ഒയർസബാൻ തുടങ്ങി ഏത് പ്രതിരോധത്തെയും തകർക്കാൻ പോന്ന അസ്ത്രങ്ങൾ ലൂയിസ് ദെ ലാ ഫുന്റെയുടെ ആവനാഴിയിലുണ്ട്. പന്തടക്കത്തിലൂടെ എതിരാളികളെ മടുപ്പിക്കുന്ന സ്പാനിഷ് ശൈലി തന്നെയാകും ഇന്നും അവരുടെ കരുത്ത്.
സ്പെയിനിന്റെ ആക്രമണങ്ങളെ തടയാൻ പോർച്ചുഗൽ നിയോഗിക്കുന്നത് നൂനോ മെൻഡസിനെയാണ്. കഴിഞ്ഞ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിന്റെ വലതുവിങ്ങിനെ പൂട്ടിയ മെൻഡസിന്റെ തോളിലാകും ഇത്തവണയും പോർച്ചുഗലിന്റെ പ്രതിരോധം. നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ തോൽപ്പിച്ച അതേ തന്ത്രം ആവർത്തിച്ച് അട്ടിമറി നടത്താനാണ് പോർച്ചുഗീസ് നീക്കം.
കഴിഞ്ഞ നേഷൻസ് ലീഗ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ സ്പെയിനിനെ തോൽപ്പിച്ചതിന്റെ പക സ്പാനിഷ് ക്യാമ്പിലുണ്ട്. ആ തോൽവി ലൂയിസ് ദെ ലാ ഫുന്റെയുടെ ടീമിന്റെ മൂന്നു വർഷത്തെ കുതിപ്പിലെ ഏക കളങ്കമാണ്. അത് തീർക്കാൻ സ്പെയിൻ ഇറങ്ങുമ്പോൾ, ലോകകപ്പിൽ സ്പെയിനിനെ തോൽപ്പിച്ചിട്ടില്ലെന്ന ചരിത്രം തിരുത്താനാണ് പറങ്കിപ്പടയുടെ ശ്രമം. ചരിത്രവും പകയും ചേരുന്ന ഐബീരിയൻ ഡർബിയിൽ തീപാറുമെന്ന് ഉറപ്പാണ്.
The 2026 World Cup features a high-stakes “Iberian Derby” in the Round of 16
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





