ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയ (ജിടിഎ)യിലെ ജനസംഖ്യ തുടർച്ചയായി ഉയരുന്ന സാഹചര്യത്തിലും നിരവധി പൊതുവിദ്യാലയങ്ങളിലും കത്തോലിക്കാ സ്കൂൾ ബോർഡുകളിലും വിദ്യാർഥി പ്രവേശനം കുറയുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി അധ്യാപക, ഭരണപരമായ തസ്തികകൾ വെട്ടിക്കുറയ്ക്കുകയും ചില വിദ്യാഭ്യാസ പദ്ധതികൾ അവസാനിപ്പിക്കുകയോ ചുരുക്കുകയോ ചെയ്യേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.
2025-ൽ സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം ടൊറന്റോയും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയിലെ ജനസംഖ്യ ഏഴ് ദശലക്ഷം കടന്നിരുന്നു. ഒരു വർഷത്തിനിടെ ഏകദേശം മൂന്ന് ലക്ഷം പേരാണ് ഈ മേഖലയിലേക്ക് എത്തിയത്. എന്നിരുന്നാലും സ്കൂൾ പ്രവേശന കണക്കുകളിൽ പല ബോർഡുകളും ഇടിവാണ് രേഖപ്പെടുത്തുന്നത്.
ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിന്റെ വിവരമനുസരിച്ച്, പ്രാഥമിക-ഹൈസ്കൂൾ തലങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ജനനനിരക്ക് താഴ്ന്നത്, പ്രീ-സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം കുറഞ്ഞത്, ഫെഡറൽ കുടിയേറ്റ ലക്ഷ്യങ്ങളിൽ കുറവ് വന്നത്, ടൊറന്റോയിലേക്ക് പുതിയ കുടിയേറ്റക്കാരുടെ ഒഴുക്ക് കുറഞ്ഞത്, ഉയർന്ന ഭവനവില എന്നിവയാണ് പ്രധാന കാരണങ്ങളായി ബോർഡ് ചൂണ്ടിക്കാട്ടുന്നത്.
2025-26 അധ്യയനവർഷത്തിൽ മാത്രം 3,000 വിദ്യാർഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. അടുത്ത അധ്യയനവർഷത്തിൽ ഇത് 5,000 ആയി ഉയരുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി 218 കേന്ദ്ര ഓഫീസ് തസ്തികകൾ ഒഴിവാക്കാനും നിരവധി ഔട്ട്ഡോർ വിദ്യാഭ്യാസ പരിപാടികളും ലൈബ്രറി സേവനങ്ങളും ചുരുക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം എല്ലാ ബോർഡുകളിലും സ്ഥിതി ഒരുപോലെയല്ല. ഡർഹാം ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് അടുത്ത അധ്യയനവർഷത്തിൽ 261 വിദ്യാർഥികളുടെ വർധന പ്രതീക്ഷിക്കുന്നതായി അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ ജനസംഖ്യാ വർധനയ്ക്ക് ശേഷം പ്രവേശനനിരക്ക് സ്ഥിരതയിലേക്ക് എത്തുകയാണെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. ഡർഹാം കത്തോലിക്കാ സ്കൂൾ ബോർഡിലും തുടർച്ചയായ ഭവനനിർമാണ പദ്ധതികളുടെ സ്വാധീനത്തിൽ വിദ്യാർഥി പ്രവേശനം ക്രമേണ ഉയരുന്നതായി അധികൃതർ അറിയിച്ചു.
മറുവശത്ത്, ഡഫറിൻ-പീൽ കത്തോലിക്കാ സ്കൂൾ ബോർഡിൽ പ്രാഥമികതലത്തിൽ വർഷങ്ങളായി ഇടിവ് തുടരുകയാണ്. മിസിസാഗ, ബ്രാംപ്ടൺ, കാലിഡൺ തുടങ്ങിയ പ്രദേശങ്ങളിലെ ഉയർന്ന ജീവിതച്ചെലവും ഭവനവിലയും കാരണം ചെറുപ്പക്കാരായ കുടുംബങ്ങൾ ഒന്റാറിയോയിലെ മറ്റ് പ്രദേശങ്ങളിലേക്ക് മാറുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് ബോർഡ് വ്യക്തമാക്കി. ഹാൾട്ടൺ മേഖലയിലും ഹൈസ്കൂൾ തലത്തിൽ പ്രവേശനം കുറഞ്ഞതായി അധികൃതർ അറിയിച്ചു.
വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ പറയുന്നതനുസരിച്ച്, കോവിഡ് മഹാമാരിക്ക് ശേഷം സർക്കാർ സംവിധാനത്തിന് പുറത്തുള്ള സ്വതന്ത്ര സ്കൂളുകൾ, മോണ്ടിസോറി, വാൾഡോർഫ് മാതൃകയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശീയ സമൂഹങ്ങളുടെ സ്കൂളുകൾ, മതാധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ എണ്ണം വർധിച്ചതും പൊതുവിദ്യാലയങ്ങളിലെ പ്രവേശനത്തെ ബാധിക്കുന്നുണ്ട്.
2022 ജനുവരി മുതൽ 2025 ഡിസംബർ വരെ ഒന്റാറിയോയിൽ 322 പുതിയ സ്വതന്ത്ര സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം ഹോംസ്കൂളിംഗ് തിരഞ്ഞെടുക്കുന്ന കുടുംബങ്ങളുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്ക് ലഭ്യമല്ലെങ്കിലും ഒന്റാറിയോയിൽ നിലവിൽ 90,000 മുതൽ 1.10 ലക്ഷം വരെ കുട്ടികൾ വീടുകളിൽ വിദ്യാഭ്യാസം നേടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് കാലത്ത് ആരംഭിച്ച ഈ പ്രവണത പിന്നീട് പല കുടുംബങ്ങളും തുടരുകയായിരുന്നുവെന്നാണ് വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾ വ്യക്തമാക്കുന്നത്.
Student numbers declining in Toronto schools; education boards cut teaching positions.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






