വാഷിംഗ്ടൺ: അമേരിക്കയിലെ വാൻസ് എയർഫോഴ്സ് ബേസിന് സമീപം ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റിനെത്തുടർന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ പത്തുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. എയർഫോഴ്സ് ബേസിനും സമീപപ്രദേശങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ച പശ്ചാത്തലത്തിലാണ് അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയത്.
യുഎസ് വ്യോമസേനയുടെ പ്രധാന പൈലറ്റ് പരിശീലന കേന്ദ്രമായ ബേസിന് തൊട്ടരികിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറ്റിൽ വൈദ്യുതി ലൈനുകൾ തകരുകയും മരങ്ങൾ വീണ് റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. ജനവാസ മേഖലകളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബേസിനുള്ളിലെ വിമാനങ്ങൾക്കും മറ്റ് സാങ്കേതിക സൗകര്യങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന് സൈനിക ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
സ്ഥിതിഗതികൾ വിലയിരുത്തിയ ഒക്ലഹോമ ഗവർണർ ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നത് ആശ്വാസകരമാണ്. രക്ഷാപ്രവർത്തകർ ഓരോ വീടുകളിലും പരിശോധന നടത്തി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ബ്രമാൻ എന്ന സ്ഥലത്ത് ഇരട്ട ചുഴലിക്കാറ്റുകൾ ദൃശ്യമായെങ്കിലും അവിടെ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തകർന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അടിയന്തരമായി നടക്കുകയാണ് .
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Strong tornado near US Air Force base; Ten injured, state of emergency declared in the area




