വാഷിംഗ്ടൺ: ‘sugar-free’ എന്ന് പരസ്യം ചെയ്ത എട്ട് പ്രോട്ടീൻ പാനീയങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ കോഫി ശൃംഖലയായ സ്റ്റാർബക്സിനെതിരെ അമേരിക്കയിൽ കേസ് ഫയൽ ചെയ്തു. പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പാലിന്റെ സാന്നിധ്യം മൂലം ഓരോ സെർവിംഗിലും 13 മുതൽ 21 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആരോപിച്ചാണ് സിയാറ്റിൽ ഫെഡറൽ കോടതിയിൽ ക്ലാസ്-ആക്ഷൻ ഹർജി നൽകിയിരിക്കുന്നത്.
സ്റ്റാർബക്സിന്റെ വെന്റി-സൈസ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് ഒരു കാൻഡി ബാറിന് തുല്യമാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പാലിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ലാക്ടോസ് ഒരു തരം പഞ്ചസാരയാണെന്നിരിക്കെ, ഉൽപ്പന്നങ്ങളെ ‘sugar-free’ എന്ന് ലേബൽ ചെയ്യുന്നത് നിയമങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കാരുടെ പ്രധാന വാദം. 0.5 ഗ്രാമിൽ കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങളെ ഇത്തരം പേരുകളിൽ പരസ്യം ചെയ്യരുതെന്ന് നിയമമുണ്ട്.
ഉപഭോക്താക്കൾക്കിടയിൽ പ്രോട്ടീൻ അടങ്ങിയ പാനീയങ്ങൾക്ക് പ്രിയമേറിയതോടെ 2025 സെപ്റ്റംബറിലാണ് സ്റ്റാർബക്സ് ഈ പ്രത്യേക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചത്. വാനില, കാരമൽ ഫ്ലേവറുകളിലുള്ള ലാറ്റെ, മാച്ച പാനീയങ്ങളാണ് sugar-free ഓപ്ഷനുകളായി കമ്പനി അവതരിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലും പ്രമേഹം മൂലവും പഞ്ചസാര ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ഈ പരസ്യം തെറ്റിദ്ധരിപ്പിച്ചുവെന്ന് ഹർജിഭാഗം അഭിഭാഷകർ ആരോപിക്കുന്നു.
അതേസമയം, കേസിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്റ്റാർബക്സ് വക്താവ് പ്രതികരിച്ചു. തങ്ങളുടെ വെബ്സൈറ്റിലും സ്റ്റോറുകളിലും ഓരോ പാനീയത്തിലും അടങ്ങിയിരിക്കുന്ന പോഷകവിവരങ്ങളും പഞ്ചസാരയുടെ അളവും കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. അധികമായി പഞ്ചസാരയൊന്നും ചേർക്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ പരസ്യം നൽകിയതെന്നും, കോടതിയിൽ ഇതിനെതിരെ ശക്തമായി വാദിക്കുമെന്നും അവർ വ്യക്തമാക്കി.
കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളെ പ്രതിനിധീകരിച്ചാണ് പ്രമുഖ ലോ ഫേം കോടതിയെ സമീപിച്ചിരിക്കുന്നത്. തെറ്റായ പരസ്യം വഴി ഉപഭോക്താക്കളെ വഞ്ചിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും വിഷയം ജൂറി വിചാരണയ്ക്ക് വിടണമെന്നുമാണ് ഹർജിയിലെ ആവശ്യം. കാനഡയിലും യുഎസിലും ഒരേപോലെ വൽപ്പന നടത്തുന്ന ഈ പാനീയങ്ങളുടെ ലേബലിംഗ് മാറ്റാനും കമ്പനി നിർബന്ധിതമായേക്കും.
കോടതിയിലുള്ള ഈ കേസിൽ വരും ദിവസങ്ങളിൽ തുടർവാദം നടക്കും. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന വൻകിട കമ്പനികൾ തെറ്റായ പരസ്യങ്ങൾ നൽകി ആളുകളെ പറ്റിക്കുന്നതിനെതിരെ കടുത്ത നടപടി വേണമെന്നാണ് ഉപഭോക്തൃ സംഘടനകളുടെ ആവശ്യം. കേസിന്റെ വിധി സ്റ്റാർബക്സ് കമ്പനിയുടെ വിപണിയെയും ജനപ്രിയതയെയും വലിയ രീതിയിൽ സ്വാധീനിച്ചേക്കും എന്നാണ് വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





