ഗുവാഹത്തി: കന്യാകുമാരി – ദിബ്രുഗഢ് വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കാണാതായ 21-കാരിയായ കോളേജ് വിദ്യാർഥിനിയെ ആന്ധ്രാപ്രദേശിലെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. അസം കാമരൂപ് ജില്ലയിലെ ബോൻഡ സ്വദേശിനിയും ഗുവാഹത്തി ബി. ബോറൂവ കോളജ് വിദ്യാർഥിനിയുമായ ഹിമാശ്രീ ബോറോ ആണ് മരിച്ചത്.
വിശാഖപട്ടണത്തുനിന്നും ഒക്ടോബർ 5-ന് രാത്രി 22503-ാം നമ്പർ ട്രെയിനിന്റെ എസ്-2 കോച്ചിലാണ് പെൺകുട്ടി കയറിയത്. ബോഗിയിൽ വൻ തിരക്കാണെന്നും കൂടുതലും പുരുഷന്മാരാണെന്നും താൻ സുരക്ഷിതയല്ലെന്നും പെൺകുട്ടി ഫോണിലൂടെ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അറിയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വിദ്യാർഥിനി ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു.
വിശാഖപട്ടണത്ത് നടന്ന നൃത്തമത്സരത്തിൽ പങ്കെടുക്കാനാണ് ഹിമാശ്രീ കൂട്ടുകാരോടൊപ്പം എത്തിയത്. എന്നാൽ ഒക്ടോബർ 10-ന് ഗുവാഹത്തിയിൽ ബാങ്ക് പരീക്ഷയുള്ളതിനാൽ നേരത്തെ മടങ്ങേണ്ടിവന്നു. അന്നുതന്നെ സിൽച്ചർ എക്സ്പ്രസിൽ എമർജൻസി ടിക്കറ്റിന് ശ്രമിച്ചെങ്കിലും കൺഫേം ആകാത്തതിനെ തുടർന്നാണ് കന്യാകുമാരി-ദിബ്രുഗഢ് എക്സ്പ്രസിനെ ആശ്രയിച്ചത്.
ഒക്ടോബർ 5-ന് രാത്രി 11.50-ഓടെ പെൺകുട്ടി ട്രെയിനിൽ കയറുന്നതും സുഹൃത്ത് യാത്രയാക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. ഒക്ടോബർ 6-ന് പുലർച്ചെ 2.39 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. എന്നാൽ അതിനുശേഷം ഫോൺ സ്വിച്ച് ഓഫാവുകയും തുടർന്ന് ബന്ധപ്പെടാൻ കഴിയാതെ വരികയുമായിരുന്നു.
സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസും പ്രാദേശിക പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് അറിയാൻ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കോച്ചിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ നിന്നും സിസിടിവി കേന്ദ്രീകരിച്ചും വിവരങ്ങൾ ശേഖരിച്ചു വരുന്നു.
Also Read: ഇന്ധന നികുതി ഇളവ് എല്ലാവർക്കും ഒരുപോലെയോ? ബജറ്റ് ഓഫീസറുടെ വിശദീകരണം ഇങ്ങനെ
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിക്ക് അപകടം സംഭവിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





