മുംബൈ: നടൻ ഇമ്രാൻ ഖാനെതിരെ കടുത്ത വിമർശനവുമായി ബോംബെ ഹൈക്കോടതി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇന്ത്യ വിടണമെന്ന മുംബൈ പൊലീസിന്റെ നോട്ടിസിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹർജി പരിഗണിക്കവെയാണ് സംഭവം. അമേരിക്കൻ പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുമുള്ള ഇമ്രാൻ ഖാൻ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ ഡിവിഷൻ ബെഞ്ച് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. വിദേശ പൗരന്മാരുടെയും ഒ.സി.ഐ കാർഡ് ഉടമകളുടെയും കാര്യത്തിൽ കേന്ദ്ര സർക്കാരിന് പരിധിയില്ലാത്ത അധികാരമുണ്ടെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഇന്ത്യയിൽ വർഷങ്ങളായി താമസിക്കുന്ന വ്യക്തി എന്ന നിലയിൽ തന്റെ ഭാഗം വ്യക്തമാക്കാൻ നടന് ന്യായമായ അവസരം നൽകണമെന്ന് വ്യക്തമാക്കി.
അതേസമയം, ഒ.സി.ഐ കാർഡ് ഉടമകളെ പൂർണ്ണ ഇന്ത്യൻ പൗരന്മാരായി പരിഗണിക്കാൻ കഴിയില്ലെന്നും അവർക്ക് രാഷ്ട്രീയ അവകാശങ്ങൾ പരിമിതമാണെന്നും കോടതി ഓർമ്മിപ്പിച്ചു. വിദേശ പൗരന്മാർ പ്രാദേശിക പ്രതിഷേധങ്ങളിലോ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്നും, ഇവിടെ താമസിക്കുമ്പോൾ ഇത്തരത്തിലുള്ള വിമർശനങ്ങളോ പ്രവർത്തനങ്ങളോ സഹിക്കാനാവില്ലെന്നും ബെഞ്ച് വാക്കാൽ പരാമർശിച്ചു.
42കാരനായ ഇമ്രാൻ ഖാൻ തന്റെ ജീവതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചതെന്നും അദ്ദേഹം യുഎസിൽ ജനിച്ചതുകൊണ്ടു മാത്രമാണ് അവിടുത്തെ പൗരത്വമുള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ വെങ്കിടേഷ് ധോൻഡ് കോടതിയെ അറിയിച്ചെങ്കിലും എന്തൊക്കെയായാലും ഇമ്രാൻ ഇന്ത്യൻ പൗരനല്ലെന്ന് കോടതി മറുപടി നൽകി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10 ന് മുംബൈയിൽ നടന്ന പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത നടനെ പിന്നീട് വിട്ടയച്ചിരുന്നു. ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തതിന് കുടിയേറ്റ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇമ്രാൻ ഖാനെതിരെ നടപടിയെടുത്തതായി മുംബൈ പൊലീസ് അറിയിച്ചിരുന്നു. ഒക്ടോബർ 28നകം രാജ്യം വിടാനാണ് മുംബൈ പൊലീസ് നിർദേശിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത് നടൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ തുടർ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി നവംബർ 2 ലേക്ക് മാറ്റിയതോടെ ഇമ്രാന് രാജ്യം വിടാനുള്ള സമയപരിധിയും നീട്ടിയിരുന്നു.
തനിക്ക് സംഘാടകരുമായി യാതൊരു ബന്ധവുമില്ലെന്നും കൗതുകം കൊണ്ടാണ് പ്രതിഷേധ സ്ഥലത്ത് എത്തിയതെന്നും വ്യക്തമാക്കിയ നടൻ, സംഭവത്തിൽ കോടതിയിൽ നിരുപാധികം മാപ്പ് പറയുകയും ഭാവിയിൽ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് സത്യവാങ്മൂലം നൽകുകയും ചെയ്തു. നടന്റെ മാപ്പപേക്ഷയും മറുപടിയും പരിഗണിച്ച് വിഷയം പുനഃപരിശോധിക്കാൻ വിദേശ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസറോട് നിർദ്ദേശിച്ച കോടതി, ഹർജി ഡിസംബർ 7-ലേക്ക് മാറ്റി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





