ഒട്ടാവ : 2019-ൽ ഒട്ടാവയിലെ വെസ്റ്റ്ബോറോയിൽ നടന്ന മാരകമായ ഒസി ട്രാൻസ്പോ ബസ് അപകടത്തെക്കുറിച്ചുള്ള കൊറോണർ അന്വേഷണത്തിൽ, മുൻ ഓപ്പറേഷൻസ് മാനേജർ കെൻ ഗോർഡൻ 2018-2019 കാലയളവിൽ ഡ്രൈവർമാരുടെ നിയമനത്തിലും പരിശീലനത്തിലും നിലനിന്നിരുന്ന സിസ്റ്റമിക് പ്രശ്നങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചു. ഡ്രൈവർമാരുടെ കുറവ് മൂലം ഒസി ട്രാൻസ്പോ സുരക്ഷയെക്കാൾ സ്റ്റാഫിംഗിന് പ്രാധാന്യം നൽകിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. പരീക്ഷകളിൽ പരാജയപ്പെട്ട അപേക്ഷകരെ പലപ്പോഴും വീണ്ടും സ്വീകരിക്കുകയും പരിശീലനം നേടുന്നവർക്കും ഓപ്പറേറ്റർമാർക്കും ഇളവുകൾ നൽകുകയും ചെയ്തിരുന്നു.
അപകടത്തിൽ ഉൾപ്പെട്ട ഡ്രൈവർ ഐസാട്ടു ഡയല്ലോയ്ക്ക് പ്രൊഫഷണൽ ഡ്രൈവിംഗ് പരിചയം ഇല്ലാതിരുന്നിട്ടും അവരെ നിയമിച്ചിരുന്നു. 2018 ഡിസംബറിൽ ഉണ്ടായ അപകടത്തിനു ശേഷം, വെസ്റ്റ്ബോറോയിൽ മൂവരുടെ ജീവൻ പോയ സംഭവത്തിന് മുൻപായി അവർക്കു ലഭിച്ചത് വെറും ഒരു ദിവസത്തെ പുനഃപരിശീലനമായിരുന്നു.
“വൈകിയ LRT റോൾഓട്ടിനിടയിൽ സ്റ്റാഫിംഗ് സമ്മർദ്ദം കാരണം സുരക്ഷാ സംസ്കാരം ദുർബലമായിരുന്നു,”എന്നും “ഒസി ട്രാൻസ്പോയിൽ നിറവേറ്റേണ്ട യാത്രകളുടെ എണ്ണം നിറവേറ്റാൻ മാത്രമായി ഞങ്ങൾ ശ്രമിച്ചു. യോഗ്യതയില്ലാത്ത ഡ്രൈവർമാരെ നിയമിക്കുകയും അപര്യാപ്തമായി പരിശീലിപ്പിക്കുകയും ചെയ്തു. പലർക്കും ഓട്ടവയിലെ റോഡുകളെക്കുറിച്ച് അറിവില്ലായിരുന്നു, അത് അപകടകരമായ തെറ്റുകളിലേക്ക് നയിച്ചു.” എന്ന് ഗോർഡൻ തന്റെ മൊഴിയിൽ പറഞ്ഞു. അന്വേഷണം തുടരുകയാണ്, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും ട്രാൻസിറ്റ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ശുപാർശകൾ പ്രതീക്ഷിക്കുന്നു.



