സെന്റ് ജോൺ: ജീവനക്കാരുടെ കുറവ് കാരണം സെന്റ് ജോൺസ് കോർട്ട് ഓഫ് കിംഗ്സ് ബെഞ്ചിലെ ക്ലയന്റ് സർവീസസ് കൗണ്ടർ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. വരും ദിവസങ്ങളിൽ കോടതിയുടെ പ്രവർത്തനങ്ങളിൽ വലിയ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സേവനങ്ങൾ ക്രമീകരിക്കുന്നതിനുമായാണ് നവംബർ 6 വരെ കൗണ്ടർ അടച്ചിടാൻ തീരുമാനിച്ചത്. കോർട്ട് സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ നാൻസി ഗാറ്റോ ഒക്ടോബർ 23-ന് നൽകിയ ഔദ്യോഗിക മെമ്മോയിലൂടെയാണ് ജീവനക്കാരെയും അഭിഭാഷകരെയും ഈ വിവരമറിയിച്ചത്.
നവംബർ 9 മുതൽ ഈ വർഷം അവസാനിക്കുന്നത് വരെ കോടതിയിൽ നേരിട്ടെത്തി ഉദ്യോഗസ്ഥരോട് സംസാരിക്കണമെങ്കിൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടി വരും. എന്നാൽ 48 മണിക്കൂറിനുള്ളിൽ അടിയന്തരമായി വാദം കേൾക്കേണ്ട കേസുകൾക്കും മറ്റ് അടിയന്തര അപേക്ഷകൾക്കും തടസ്സമില്ലാതെ സേവന ഡെസ്ക് ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കേസുകൾ കൂടുതലായുള്ള സിവിൽ, ക്രിമിനൽ, കുടുംബ തർക്ക വിഭാഗങ്ങളിൽ ഈ തീരുമാനം താത്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും, അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിലുള്ള രീതി മുൻപ് കോവിഡ് സമയത്ത് വിജയകരമായി നടപ്പിലാക്കിയതിനാൽ കടുത്ത പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് അഭിഭാഷകരുടെ വിലയിരുത്തൽ.
Also Read: വിദേശപഠനം സ്വപ്നമാണോ? യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിൽ പ്രവേശന നടപടികൾ ആരംഭിച്ചു
കൗണ്ടറുകൾ അടയ്ക്കുന്നതോടെ അഭിഭാഷകരില്ലാതെ സ്വന്തമായി കേസ് നടത്തുന്ന സാധാരണക്കാർക്ക് അത് വലിയ വെല്ലുവിളിയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രേഖകൾ സമർപ്പിക്കുന്നതിലും നിയമപരമായ സംശയങ്ങൾ തീർക്കുന്നതിലും വൈകൽ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ ന്യൂ ബ്രൺസ്‌വിക്ക് ലീഗൽ എയ്ഡ് സർവീസസ് കമ്മീഷൻ കോടതി ഓഫീസുമായി ചേർന്ന് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ശ്രമിച്ചുവരികയാണ്. ജനങ്ങൾക്ക് നീതി ലഭിക്കുന്നതിൽ കാലതാമസം വരാതിരിക്കാൻ ആവശ്യമായ തുടർ നടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





