ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിലെ ഹൈവേകളിലൂടെ ഇനി കൂടുതൽ വേഗത്തിൽ നിയമപരമായി യാത്ര ചെയ്യാം. പ്രവിശ്യയിലെ പ്രധാന ഹൈവേ ശൃംഖലകളിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്നും 110 കിലോമീറ്ററായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. ഒന്റാറിയോ ഗതാഗത മന്ത്രി പ്രഭ്മീത് സർക്കാരിയ ബുധനാഴ്ച കിംഗ് സിറ്റിയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ പ്രവിശ്യയിലെ 938 കിലോമീറ്റർ ഹൈവേ പാതകളിൽ കൂടി വാഹനങ്ങൾക്ക് വേഗത കൂട്ടാനാകും.
യാത്രക്കാരുടെയും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെയും യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ഒന്റാറിയോയിലെ ആകെ പ്രവിശ്യാ ഹൈവേ ശൃംഖലയുടെ 89 ശതമാനം ഭാഗങ്ങളിലും വേഗപരിധി 110 കിലോമീറ്ററായി ഉയരും. നിലവിൽ ഇത് വെറും 43 ശതമാനം മാത്രമാണ്. സുരക്ഷിതമായി വേഗത വർധിപ്പിക്കാൻ സാധിക്കുന്ന ഹൈവേകളെക്കുറിച്ചുള്ള പഠനം നടത്താൻ 2024-ൽ പ്രീമിയർ ഡഗ് ഫോർഡ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.
ഘട്ടംഘട്ടമായാണ് വേഗപരിധിയിലെ ഈ മാറ്റം നടപ്പിലാക്കുക. കിഴക്കൻ ഒന്റാറിയോയിലെ ഹൈവേ 401, ഹൈവേ 416 എന്നിവയുടെ ചില ഭാഗങ്ങളിൽ ഈ വെള്ളിയാഴ്ച മുതൽ തന്നെ പുതിയ വേഗപരിധി നിലവിൽ വരും. തുടർന്ന് ഹൈവേ 401-ന്റെ മറ്റ് ഭാഗങ്ങൾ, ക്വീൻ എലിസബത്ത് വേ (QEW), ഹൈവേകൾ ആയ 402, 403, 417 എന്നിവടങ്ങളിൽ സെപ്റ്റംബർ അവസാനത്തോടെ വേഗത 110 കിലോമീറ്ററാക്കി പുതുക്കും. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ബ്രാഡ്ഫോർഡ് ബൈപാസ്, ഹൈവേ 413 എന്നിവയും 110 കിലോമീറ്റർ വേഗപരിധി കണക്കാക്കിയാണ് രൂപകൽപ്പന ചെയ്യുന്നത്.
വേഗത കൂടുന്നത് യാത്രാസമയത്തിൽ വലിയ ലാഭമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. പുതിയ വേഗപരിധി യാഥാർത്ഥ്യമാകുന്നതോടെ സാർണിയയിൽ നിന്ന് ടൊറന്റോയിലേക്കുള്ള യാത്രയിൽ 20 മിനിറ്റോളം ലാഭിക്കാൻ കഴിയും. അതുപോലെ ടൊറന്റോയിൽ നിന്ന് തലസ്ഥാനമായ ഓട്ടവയിലേക്കുള്ള ദൂരം അരമണിക്കൂറോളം കുറയ്ക്കാനും ഡ്രൈവർമാർക്ക് സാധിക്കും. മുൻപ് നടത്തിയ പരീക്ഷണങ്ങളുടെയും സുരക്ഷാ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് വേഗത കൂട്ടാൻ തീരുമാനിച്ചതെന്നും, വേഗപരിധി ഉയർത്തിയ മുൻപത്തെ പാതകളിൽ അപകടനിരക്കിൽ വർധനവ് ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Speed up and save time; speed limit to be increased to 110 km/h on most highways in Ontario
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





