ടൊറന്റോ: ടൊറന്റോയിൽ സംഘടിത കുറ്റകൃത്യങ്ങളിലും അഴിമതിയിലും പങ്കുണ്ടെന്ന് കണ്ടെത്തിയ ആറ് പോലീസ് ഉദ്യോഗസ്ഥരെ ശമ്പളമില്ലാതെ സസ്‌പെൻഡ് ചെയ്തതായി ടൊറന്റോ പോലീസ് മീഡിയ റിലേഷൻസ് ഓഫീസർ ആമി ഡേവി സ്ഥിരീകരിച്ചു. കോൺസ്റ്റബിൾ തിമോത്തി ബാർൺഹാർഡ്, സർജന്റ് റോബർട്ട് ബ്ലാക്ക്, കോൺസ്റ്റബിൾ ജോൺ മാഡ്‌ലി ജൂനിയർ, സർജന്റ് കാൾ ഗ്രെല്ലറ്റ്, കോൺസ്റ്റബിൾ സൗരഭ്ജിത് ബേദി, കോൺസ്റ്റബിൾ ഏലിയാസ് മൗവാദ് എന്നിവർക്കെതിരെയാണ് നടപടി.
പ്രോജക്ട് സൗത്ത് എന്ന പേരിൽ നടന്ന വൻ അന്വേഷണത്തെത്തുടർന്ന് കുറ്റാരോപിതരായ ഇവർ വിചാരണ നേരിടാനിരിക്കെയാണ് ശമ്പളം നിർത്തലാക്കിയത്. കേസിൽ ഉൾപ്പെട്ട ഏഴാമത്തെ ഉദ്യോഗസ്ഥനായ കോൺസ്റ്റബിൾ ഡെറക് മക്കോർമിക്കിന്റെ ശമ്പളം മെയ് ഒന്നു മുതൽ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.
മൊത്തം 41 കുറ്റങ്ങളാണ് ഈ ഏഴ് ഉദ്യോഗസ്ഥർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഒരു തിരുത്തൽ കേന്ദ്രത്തിലെ മാനേജറെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകി സഹായിക്കുക, കൈക്കൂലി വാങ്ങുക, മയക്കുമരുന്ന് കടത്തുകാർക്കായി നിയമവിരുദ്ധ കഞ്ചാവ് വിതരണ കേന്ദ്രങ്ങൾക്ക് സംരക്ഷണം നൽകുക, തിരിച്ചറിയൽ രേഖകൾ മോഷ്ടിക്കുക തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇവർ നേരിടുന്നത്.
തുടക്കത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ മാത്രം ശമ്പളമില്ലാത്ത സസ്‌പെൻഷൻ ആലോചിച്ചിരുന്ന ചീഫ് മൈറോൺ ഡെംകിവ്, പിന്നീട് ഏഴുപേർക്കും എതിരെ സമാന നടപടി സ്വീകരിക്കുകയായിരുന്നു. ഈ വർഷം ഫെബ്രുവരി അഞ്ചിനാണ് അന്വേഷണ ഫലങ്ങൾ പോലീസ് പുറത്തുവിട്ടത്.
Six Toronto police officers suspended for murder conspiracy and bribery
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




