കൊച്ചി: റിപ്പോർട്ടർ ടിവി ഓഫീസിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പ്രത്യേക അന്വേഷണ സംഘം (SIT) രംഗത്തെത്തി. മെസിയുടെ പേരിലെ തട്ടിപ്പുകേസിൽ കമ്പനിയും പ്രതിയാണെന്നും, കളമശ്ശേരി ഓഫിസ് വിലാസത്തിലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും എസ്ഐടി വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കാനാണ് ഓഫീസിൽ എത്തിയതെന്നും, ചാനൽ ഡെസ്കിന്റെ പ്രവർത്തനം തടഞ്ഞിട്ടില്ലെന്നും അവർ വിശദീകരിച്ചു.
അതേസമയം, റെയ്ഡുമായി റിപ്പോർട്ടർ ടിവി സഹകരിച്ചില്ലെന്നും അഡ്മിൻ ഓഫീസ് തുറന്നു തരാൻ വിസമ്മതിച്ചെന്നും തൃക്കാക്കര എസിപി വിമർശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചിട്ടും നടപടിയുണ്ടായില്ലെന്നും, പരിശോധിക്കേണ്ട ഓഫീസ് തുറന്നു നൽകാൻ ജീവനക്കാർ എത്തുമെന്ന് പറഞ്ഞെങ്കിലും മണിക്കൂറുകൾ കഴിഞ്ഞും ആരും വന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിൽ ആരെയും കാണാത്തതുകൊണ്ടാണ് വിവരങ്ങൾ അറിയാൻ ന്യൂസ് ഡെസ്കിൽ എത്തിയതെന്നും എസിപി പറഞ്ഞു.
കേസിൽ ആന്റോ അഗസ്റ്റ്യനെയും ജോസ് കുട്ടി അഗസ്റ്റിനെയും കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് എസ്ഐടി ചോദ്യം ചെയ്തുവരികയാണ്. സ്പോൺസർഷിപ് വന്ന വഴി, സർക്കാർ അനുമതിക്ക് മുമ്പേ അർജന്റീനയുമായുള്ള കരാർ ഒപ്പിട്ടത്, കലൂർ സ്റ്റേഡിയം കരാർ ഇല്ലാതെ കൈവശം വെച്ചത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. വിദേശത്തേക്ക് പണം അയച്ചതിന്റെയും പണം വന്ന വഴിയുടെയും ഉറവിടങ്ങളും, ഫെമ ചട്ടം ലംഘിച്ചുള്ള പണം കൈമാറ്റവും സംബന്ധിച്ചും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ചോദ്യം ചെയ്യലിന്റെ ഭാഗമായി അന്വേഷണ സംഘം ശേഖരിച്ച നിർണായക തെളിവുകൾ പ്രതികൾക്ക് മുന്നിൽ നിരത്തിയിട്ടുണ്ട്. ബിനാമി ഇടപാടുകൾ തെളിഞ്ഞിട്ടുള്ളതിനാൽ കേസിന്റെ തുടർന്നുള്ള നടപടികൾക്കായി ബന്ധപ്പെട്ട രേഖകൾ എത്രയും വേഗം കണ്ടെടുക്കേണ്ടതുണ്ടെന്നും എസ്ഐടി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








