മുംബൈ: പ്രമുഖ പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. മുംബൈയിൽ ജിം ട്രെയിനറായി ജോലി ചെയ്യുന്ന ലിബിൻ മാത്യുവാണ് വരൻ. മുംബൈ ഡോംബിവല്ലിയിലെ പള്ളിയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
വെള്ള ഗൗണണിഞ്ഞ് ക്രിസ്ത്യൻ വെഡിങ് ലുക്കിലാണ് റിമി ടോമി പള്ളിയിലെത്തിയത്. സാധാരണയായി മാസത്തിൽ ഒന്നോ രണ്ടോ തവണ മുംബൈയിൽ പോകാറുണ്ടെങ്കിലും ഇത്തവണത്തെ യാത്ര വിവാഹവുമായി ബന്ധപ്പെട്ടതാണെന്ന് റിമി നേരത്തെ വ്യക്തമാക്കിയിരുന്നു. ലിബിന്റെ ജന്മനാടായ ഡോംബിവല്ലിയിൽ വിവാഹം നടത്തുന്നതിലൂടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ചടങ്ങിൽ എളുപ്പത്തിൽ പങ്കെടുക്കാൻ സാധിക്കുമെന്നും താരം മുൻപ് അറിയിച്ചിരുന്നു. റിമിയുടെ കുടുംബത്തിൽ നിന്ന് അമ്മയും സഹോദരങ്ങളും അവരുടെ കുട്ടികളുമടക്കം പത്തുപേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
മലയാളിയാണെങ്കിലും മുംബൈയിൽ വളർന്നതിനാൽ ലിബിന് തുടക്കത്തിൽ മലയാളം സംസാരിക്കാൻ അറിയില്ലായിരുന്നുവെന്ന് താരം മുൻപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. റിമിയെ പരിചയപ്പെട്ടതിനു ശേഷമാണ് ലിബിൻ മലയാളം സംസാരിച്ചു തുടങ്ങിയതെന്നും ഇരുവരും തമ്മിലുള്ള സംസാരത്തിലൂടെയാണ് ഭാഷ പഠിച്ചതെന്നും റിമി പങ്കുവെച്ചു. കഴിഞ്ഞ മാർച്ചിലാണ് ഇരുവരും പരിചയപ്പെടുന്നത്. നേരിട്ട് കാണുന്നതിന് മുമ്പ് തന്നെ ഫോണിലൂടെ സംസാരിച്ച് ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയിലെത്താൻ സാധിച്ചുവെന്നും താരം അറിയിച്ചു.
ലിബിനുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കാര്യങ്ങൾ തുടക്കം മുതൽ തന്നെ അമ്മയോട് പറയാറുണ്ടായിരുന്നുവെന്ന് റിമി വ്യക്തമാക്കി. നേരിട്ട് കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത ഒരാളുമായി മകൾ വിവാഹത്തിന് തീരുമാനമെടുത്തതിൽ അമ്മയ്ക്ക് തുടക്കത്തിൽ ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ മകളുടെ വിവാഹം നടക്കണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നെന്നും റിമി കൂട്ടിച്ചേർത്തു. വിവാഹശേഷം ലിബിനൊപ്പം മുംബൈയിലായിരിക്കും താമസമെന്നും താരം അറിയിച്ചിട്ടുണ്ട്.
Also Read: സോഷ്യൽ മീഡിയയ്ക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി ന്യൂയോർക്ക്; നിയമത്തെ ചോദ്യം ചെയ്ത് ടെക് കൂട്ടായ്മ
വിവാഹത്തിന്റെ തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ താരം നേരത്തെ പുറത്തുവിട്ടിരുന്നില്ല. വിവാഹവാർത്ത പുറത്തുവന്നതോടെ റിമിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. സിനിമാ-സംഗീത ലോകത്തുനിന്ന് നിരവധി സഹപ്രവർത്തകരും ആരാധകരുമാണ് നവവധൂവരന്മാർക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




