ആൽബർട്ട; കാൽഗറിയിൽ നിന്ന് കാണാതായ സംസാരശേഷിയില്ലാത്ത 11 വയസുകാരൻ പാർക്കറെ കണ്ടെത്താനുള്ള തിരച്ചിൽ നാലാം ദിവസവും അതിവേഗം തുടരുകയാണ്. 300-ലധികം പൊലീസ് ഉദ്യോഗസ്ഥരും 120 പരിശീലനം നേടിയ സെർച്ച് ആൻഡ് റെസ്ക്യൂ അംഗങ്ങളും നിരവധി സന്നദ്ധപ്രവർത്തകരും ചേർന്നാണ് വ്യാപക അന്വേഷണം നടത്തുന്നത്. ജൂലൈ 16-നാണ് കുട്ടിയെ അവസാനമായി കണ്ടത്. സാധാരണ സാഹചര്യത്തിൽ ആംബർ അലർട്ട് പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ ഈ കേസിന് ബാധകമല്ലായിരുന്നെങ്കിലും, അന്വേഷണത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആൽബർട്ട സർക്കാർ ഇളവ് അനുവദിച്ചതോടെയാണ് രണ്ട് ദിവസത്തിന് ശേഷം ആംബർ അലർട്ട് പുറപ്പെടുവിച്ചത്.
ന്യൂറോഡൈവർജന്റും സംസാരശേഷിയില്ലാത്തതുമായ കുട്ടി അപരിചിതരെ കണ്ടാൽ ഭയപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ സംഭവത്തിന് പിന്നാലെ കാനഡയിലെ ആംബർ അലർട്ട് സംവിധാനത്തിലെ നിലവിലെ മാനദണ്ഡങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. കഴിഞ്ഞ വർഷം ആൽബർട്ടയിലെ ഐലൻഡ് ലേക്ക് ക്യാമ്പ് ഗ്രൗണ്ടിൽ നിന്ന് കാണാതായ ആറുവയസുകാരൻ ഡാരിയസ് മാക്ഡൂഗളിന്റെ കുടുംബം, അന്ന് ആംബർ അലർട്ട് നൽകിയിരുന്നില്ലെന്ന കാര്യം വീണ്ടും ഉയർത്തിക്കാട്ടി നിയമഭേദഗതി ആവശ്യപ്പെട്ടു. കുട്ടികളെ കാണാതാകുന്ന എല്ലാ ഗുരുതര സാഹചര്യങ്ങളിലും പൊലീസിന് കൂടുതൽ സ്വതന്ത്രമായി ആംബർ അലർട്ട് പ്രഖ്യാപിക്കാൻ അധികാരം നൽകണമെന്നാണ് അവരുടെ ആവശ്യം.
ഇതിനായി ഏകദേശം 20,000 പേരുടെ ഒപ്പുകൾ ശേഖരിച്ച ഹർജിയും സമർപ്പിച്ചിട്ടുണ്ട്. അതേസമയം, മുന്നറിയിപ്പുകൾ അമിതമായി നൽകുന്നത് ജനങ്ങളിൽ “അലർട്ട് ഫറ്റീഗ്” സൃഷ്ടിക്കാമെന്നും അതിനാൽ മാറ്റങ്ങൾ വരുത്തുമ്പോൾ ജാഗ്രത വേണമെന്നുമാണ് സെർച്ച് ആൻഡ് റെസ്ക്യൂ വിദഗ്ധരും മിസ്സിംഗ് ചിൽഡ്രൻസ് സൊസൈറ്റി ഓഫ് കാനഡയും മുന്നറിയിപ്പ് നൽകുന്നത്.
അതേസമയം, പാർക്കറെ കണ്ടെത്താനുള്ള അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ വിവിധ സ്ഥലങ്ങളിൽ നടന്നുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കുട്ടിയുടേതെന്ന് കരുതുന്ന ചില വസ്ത്രങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. പുതിയ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. തോർൺക്ലിഫ് മേഖലയിലെ വീടുകളിലുള്ളവർ കൈവശമുള്ള സിസിടിവി ദൃശ്യങ്ങൾ, കുട്ടി അതിൽ ഇല്ലെങ്കിലും, അന്വേഷണത്തിന് കൈമാറണമെന്ന് പൊലീസ് അഭ്യർഥിച്ചു.
നഗരത്തിലെ വനമേഖലകൾ, ജലാശയങ്ങൾ, ഇടവഴികൾ, നൂറുകണക്കിന് വീടുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തിയതായും, പാർക്കറുടെ പ്രിയപ്പെട്ട ഡിസ്നി ഗാനങ്ങൾ പൊലീസ് പട്രോൾ വാഹനങ്ങളിലൂടെ പ്ലേ ചെയ്ത് കുട്ടിയെ പുറത്തേക്ക് ആകർഷിക്കാനുള്ള ശ്രമവും തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഇതിനകം പൊതുജനങ്ങളിൽ നിന്ന് ലഭിച്ച 175-ലധികം വിവരങ്ങൾ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
Search for 11-year-old intensified; renewed calls for changes to Amber Alert regulations.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






