മുംബൈ: 2011-ലെ ഏകദിന ലോകകപ്പ് സെമിഫൈനലിൽ സച്ചിൻ ടെൻഡുൽക്കർക്ക് അനുകൂലമായി ‘ഡിആർഎസ്’ (DRS) സാങ്കേതികവിദ്യയിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി മുൻ പാകിസ്ഥാൻ ഓഫ് സ്പിന്നർ സയീദ് അജ്മൽ വ്യക്തമാക്കി. മൊഹാലിയിൽ നടന്ന മത്സരത്തിൽ സച്ചിനെ ഓൺഫീൽഡ് അമ്പയർ ഇയാൻ ഗൗൾഡ് എൽബിഡബ്ല്യു ഔട്ട് വിധിച്ചിരുന്നു. എന്നാൽ സച്ചിൻ എടുത്ത റിവ്യൂവിൽ പന്ത് സ്റ്റംപിന് പുറത്തേക്ക് പോകുന്നത് കാണിച്ചതോടെ അമ്പയർ തീരുമാനം തിരുത്തി നോട്ടൗട്ട് നൽകുകയായിരുന്നു. ഈ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് അജ്മലിന്റെ വാദം.
മത്സരത്തിൽ സച്ചിൻ 23 റൺസിൽ നിൽക്കുമ്പോഴാണ് അജ്മലിന്റെ പന്തിൽ എൽബിഡബ്ല്യു അപ്പീൽ ഉയർന്നത്. നോൺ-സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന ഗൗതം ഗംഭീറിന്റെ നിർദ്ദേശപ്രകാരമാണ് സച്ചിൻ തീരുമാനത്തിനെതിരെ റിവ്യൂ നൽകിയത്. അവസാന ഫ്രെയിമുകളിൽ മാറ്റം വരുത്തിയാണ് തീരുമാനം സച്ചിന് അനുകൂലമാക്കിയതെന്ന് അടുത്തിടെ ഒരു പാക് ടെലിവിഷൻ ചാനൽ ചർച്ചയിൽ സംസാരിക്കവെ അജ്മൽ ആരോപിച്ചു.
തെളിവുകളില്ലാത്ത പഴയ ആരോപണം വീണ്ടും ഉന്നയിക്കുന്ന അജ്മലിനെതിരെ ഇന്ത്യൻ ആരാധകർ ശക്തമായി രംഗത്തെത്തി. സാങ്കേതികവിദ്യ കൃത്യമായി ഉപയോഗിച്ചാണ് അന്നത്തെ തീരുമാനം എടുത്തതെന്നും ലോകകപ്പ് സെമിയിലെ തോൽവി അംഗീകരിക്കാനുള്ള മടിയാണ് ആരോപണത്തിന് പിന്നിലെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. മത്സരത്തിൽ 85 റൺസ് നേടിയ സച്ചിന്റെ മികവിൽ ഇന്ത്യ 260 റൺസെടുക്കുകയും പാകിസ്ഥാനെ 231 റൺസിന് പുറത്താക്കി 29 റൺസിന് ജയിച്ച് ഫൈനലിൽ കടക്കുകയും ചെയ്തിരുന്നു.
Also Read : ‘തല’യും ‘തലൈവരും’ ഒരേ ഫ്രെമിൽ; ലണ്ടനിൽ വൈറലായി താരങ്ങളുടെ കൂടിക്കാഴ്ച; ഒപ്പം തൃഷയും
2011-ൽ 8 ടെസ്റ്റുകളിൽ നിന്ന് 50 വിക്കറ്റുകൾ നേടി തിളങ്ങിയ സയീദ് അജ്മൽ പാകിസ്ഥാന്റെ പ്രധാന ബൗളർമാരിൽ ഒരാളായിരുന്നു. അന്താരാഷ്ട്ര കരിയറിൽ 35 ടെസ്റ്റുകളിൽ നിന്ന് 178 വിക്കറ്റുകളും 113 ഏകദിനങ്ങളിൽ നിന്ന് 184 വിക്കറ്റുകളും നേടിയിട്ടുള്ള താരം 2015-ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









