കീവ് : തുർക്കിയിലെ അങ്കാറയിൽ നിർണായകമായ നാറ്റോ ഉച്ചകോടി ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ ശക്തമായ മിസൈൽ ആക്രമണം. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രൈൻ വ്യോമസേന സ്ഥിരീകരിച്ചു. പുലർച്ചെ തന്നെ നഗരത്തിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും സൈറണുകൾ മുഴങ്ങുകയും ചെയ്തു. കീവിലെ രണ്ട് പ്രധാന ജില്ലകളിലെങ്കിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് വലിയ തീപിടിത്തവും നാശനഷ്ടങ്ങളും ഉണ്ടായതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കീവിൽ റഷ്യ നടത്തിയ ശക്തമായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നതായി റിപ്പോർട്ട് ഉണ്ട്.
അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തിന് ശേഷവും അങ്കാറയിലെ നാറ്റോ ഉച്ചകോടിക്ക് തൊട്ടുമുമ്പുമായി കൂടുതൽ നാശം വിതയ്ക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. കൂടുതൽ ആളുകളെ കൊല്ലാനും ഭീതി പടർത്താനുമുള്ള ഇത്തരം ആക്രമണങ്ങൾ വ്ലാഡിമിർ പുതിന്റെ പതിവ് ശൈലിയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. യുക്രൈനിലെ കിഴക്കൻ ഡോണെറ്റ്സ്ക് മേഖല പൂർണമായി പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് നിലവിൽ റഷ്യൻ സൈന്യം. ഇതിന് മറുപടിയായി റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളും സൈനിക ഫാക്ടറികളും ലക്ഷ്യമിട്ട് യുക്രൈനും ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച അങ്കാറയിൽ ആരംഭിക്കുന്ന നാറ്റോ ഉച്ചകോടിയിൽ റഷ്യ-യുക്രൈൻ യുദ്ധം തന്നെയായിരിക്കും പ്രധാന ചർച്ചാവിഷയം. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പങ്കെടുക്കുന്നതിനാൽ ഈ സമ്മേളനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഉച്ചകോടിക്ക് മുന്നോടിയായി ജൂലൈ നാലിന് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിനും ഏകദേശം 90 മിനിറ്റോളം ഫോണിൽ സംസാരിച്ചിരുന്നു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാമെന്ന് ട്രംപ് വീണ്ടും വാഗ്ദാനം ചെയ്തതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ നാറ്റോ ഉച്ചകോടിയിൽ ഉണ്ടാകുന്ന തീരുമാനങ്ങൾ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും.
Russian missile strike in Kiev just before NATO summit; capital city on edge of war
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





