ആൽബെർട്ടയിലെ ബാൻഫ് ദേശീയോദ്യാനത്തിലെ ബോ തടാകത്തിനടുത്ത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ പാറയിടിച്ചിലിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു. ലേക് ലൂയിസിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ വടക്കുള്ള ബോ ഗ്ലേഷ്യർ വെള്ളച്ചാട്ടിനടുത്തുള്ള കാൽനടയാത്രാ പാതയിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.
പാറവീഴ്ചയിൽ നിരവധി ഹൈക്കെർമാർ കുടുങ്ങിപ്പോയെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഒരാളെ സംഭവസ്ഥലത്തുവച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഒരാളെ റോഡ് ആംബുലൻസിലും മറ്റ് രണ്ടുപേരെ സ്റ്റാർസ് എയർ ആംബുലൻസിലും കാൽഗറിയിലെ ഫുട്‌ഹിൽസ് മെഡിക്കൽ സെന്ററിൽ എത്തിച്ചു. പരിക്കേറ്റവരുടെ നിലയെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പാർക്ക്സ് കാനഡ, ലേക് ലൂയിസ് അഗ്നിശമന വകുപ്പ്, പോലീസ്, ആംബുലൻസ് സേവനം, സ്റ്റാർസ് എന്നിവ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. സ്റ്റാർസിന്റെ അറിയിപ്പ് പ്രകാരം കാൽഗറിയിൽ നിന്ന് സ്റ്റാർ-1, എഡ്മൊണ്ടണിൽ നിന്ന് സ്റ്റാർ-3 എന്ന രണ്ട് ഹെലികോപ്റ്ററുകൾ അയച്ചു. ഓരോ ഹെലികോപ്റ്ററും ഓരോ രോഗിയെ കാൽഗറിയിലെ ഫുട്‌ഹിൽസ് മെഡിക്കൽ സെന്ററിൽ എത്തിച്ചു.ഡ്രോണുകളുടെയും സേർച് ഡോഗുകളുടെയും സഹായത്തോടെ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. വൈകുന്നേരം വരെ ഇത് തുടരുകയും വെള്ളിയാഴ്ച രാവിലെ വീണ്ടും ആരംഭിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തന സമയത്ത് പ്രദേശം സുരക്ഷിതമാക്കുന്നതിനായി ബോ തടാകത്തിന് ചുറ്റും പൂർണ്ണമായ ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിമാന സർവീസുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബാൻഫ് ദേശീയോദ്യാനവും ഐസ്ഫീൽഡ് പാർക്ക്‌വേയും തുറന്നിട്ടുണ്ടെങ്കിലും സംഭവസ്ഥലത്തിനടുത്ത് താൽക്കാലിക ഗതാഗത തടസ്സങ്ങൾ പ്രതീക്ഷിക്കാമെന്ന് സന്ദർശകരോട് അറിയിച്ചിട്ടുണ്ട്.
വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിലും കഠിനമായ സാഹചര്യങ്ങളിലും രക്ഷാസംഘങ്ങൾ പ്രവർത്തനം തുടരുന്നതിനാൽ ബോ തടാക പ്രദേശം ഒഴിവാക്കാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചിരിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ,Join Canada Talks Whatsapp group
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






