കൊച്ചി: കഴുത്തിലെ മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ധരിച്ച കേസിൽ പ്രമുഖ ഗാനരചയിതാവും റാപ്പറുമായ വേടന് (ഹിരൺ ദാസ് മുരളി) കനത്ത തിരിച്ചടി. വേടന്റെ പക്കൽ നിന്നും വനംവകുപ്പ് പിടിച്ചെടുത്ത ലോക്കറ്റ് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജിക്കൽ ലബോറട്ടറിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനാ ഫലം പുറത്തുവന്നതോടെ കേസിൽ വനംവകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വെച്ചതിനാണ് റാപ്പർ വേടനെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കടുത്ത വകുപ്പുകളാകും ഇയാൾക്കെതിരെ ചുമത്തുക. ചോദ്യം ചെയ്യലിൽ, മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്നും എത്തിച്ചതാണെന്ന് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. തായ്‌ലൻഡിൽ നിന്നാണ് ഇത് തനിക്ക് ലഭിച്ചതെന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി.
പുലിപ്പല്ല് കേസിന് പുറമെ ലഹരിമരുന്ന് കേസിലും വേടൻ നിലവിൽ അന്വേഷണം നേരിടുന്നുണ്ട്. ഇയാളുടെ തൃപ്പൂണിത്തുറയിലുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മേശപ്പുറത്തുനിന്നും ആറ് ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തിരുന്നു. വേടനും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ലഹരി ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഞ്ചാവിന് പുറമെ ഫ്ലാറ്റിൽ നിന്നും കണക്കിൽപ്പെടാത്ത 9.5 ലക്ഷം രൂപയും ഏതാനും മൊബൈൽ ഫോണുകളും പോലീസ് സംഘം പിടിച്ചെടുത്തിരുന്നു. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Rapper hunter gets hit back; Report says what was seized was a real tiger tooth
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt








