ന്യൂഡൽഹി: നിതേഷ് തിവാരി സംവിധാനം ചെയ്ത് രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ആഗോള ബോക്സ് ഓഫീസിൽ വൻ വിജയക്കുതിപ്പ് തുടരുന്നു. ചിത്രത്തിന്റെ മികച്ച വിജയത്തിന് പിന്നാലെ നിർമ്മാതാവ് നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി, അഭിനേതാക്കളായ രൺബീർ കപൂർ, സായ് പല്ലവി എന്നിവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. ഡൽഹിയിലെത്തിയ അണിയറപ്രവർത്തകർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോള തലത്തിൽ സമാനതകളില്ലാത്ത നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളിൽ ‘ഓൾ-ടൈം നമ്പർ 1’ ചിത്രമായി ‘രാമായണ’ മാറിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയുടെ കരുത്ത് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ നേട്ടമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യയിലും വിദേശത്തുമായി വൻ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ തകർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ALSO READ: അടുത്ത മാസവും പലിശനിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് കാനഡ; വായ്പക്കാർക്ക് തിരിച്ചടി
ഓസ്കാർ ജേതാക്കളായ സംഗീത സംവിധായകർ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി (DNEG) ആണ് ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗമാണിത്. രണ്ടാം ഭാഗം അടുത്ത വർഷമാണ് തിയേറ്ററുകളിലെത്തുന്നത്. ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പി.ആർ.ഒ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





