ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (GTA) കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ മേഖലയിൽ 20 മില്ലിമീറ്ററിലധികം മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം (Environment Canada) പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. ആഴ്ചയുടെ തുടക്കം മുതൽ ലഭിച്ച ശക്തമായ മഴയ്ക്ക് പിന്നാലെ വീണ്ടും മഴയെത്തുന്നത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജിടിഎയുടെ വിവിധ ഭാഗങ്ങളിൽ ഗണ്യമായ അളവിൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത. മണ്ണ് ഇതിനോടകം തന്നെ കുതിർന്നു നിൽക്കുന്നതിനാൽ, ഇനിയുണ്ടാകുന്ന ചെറിയ മഴ പോലും വലിയ ആഘാതമുണ്ടാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. ആവശ്യമായ സാഹചര്യങ്ങളിൽ പ്രത്യേക റെയിൻഫാൾ വാണിംഗുകൾ പുറപ്പെടുവിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മഴയ്‌ക്കൊപ്പം ടൊറന്റോ നഗരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ മൂടൽമഞ്ഞും അനുഭവപ്പെടുന്നുണ്ട്. ഒന്റാറിയോ തടാകത്തിന് സമീപമുള്ള പ്രദേശങ്ങളിൽ കാഴ്ചപരിധി (Visibility) പൂജ്യത്തിനടുത്തേക്ക് താഴ്ന്നതോടെ ‘ഫോഗ് അഡ്വൈസറി’ പുറപ്പെടുവിച്ചു. പെട്ടെന്നുണ്ടാകുന്ന കാഴ്ചാ തടസ്സം മൂലം യാത്രകൾ ദുഷ്കരമാകാൻ സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ മൂടൽമഞ്ഞ് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
ബുധനാഴ്ച രാവിലെ അനുഭവപ്പെട്ട ഇടിമിന്നലോടു കൂടിയ മഴ ജിടിഎയിലെ പല റോഡുകളിലും വെള്ളക്കെട്ടുണ്ടാക്കി. ഹൈവേ 404 ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും മുൻപിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) അറിയിച്ചു. വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിലൂടെ വാഹനം ഓടിക്കരുതെന്നും നിർദ്ദേശമുണ്ട്.
വരും ദിവസങ്ങളിലും പ്രദേശം അന്തരീക്ഷം ഇരുണ്ടുകൂടി നിൽക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും താപനില 20 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുമെങ്കിലും വാരാന്ത്യത്തോടെ തണുപ്പ് വർധിക്കാനാണ് സാധ്യത. ശനിയാഴ്ച 15 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെങ്കിലും ഞായറാഴ്ചയോടെ ഇത് 6 ഡിഗ്രിയിലേക്ക് താഴ്ന്നേക്കാം. ഇത് സാധാരണയേക്കാൾ ആറ് ഡിഗ്രി കുറഞ്ഞ താപനിലയായിരിക്കും.
Rain continues in Toronto; fog may affect traffic, roads may be flooded, caution issued
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



