മോൺട്രിയൽ: ക്യുബെക്കിൽ അപകടകാരിയായ രാസവസ്തുവുമായി വന്ന ട്രക്ക് തിരക്കേറിയ ഹൈവേയിൽ റിവേഴ്സ് എടുത്ത സംഭവത്തിൽ ഡ്രൈവർക്ക് കനത്ത പിഴയും ശിക്ഷയും വിധിച്ച് ഗതാഗത വകുപ്പ്. മോൺട്രിയൽ സൗത്ത് ഷോറിലെ ഹൈവേ 20-ൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6:09-ഓടെയാണ് സംഭവം നടന്നത്. എക്സിറ്റ് വഴി മാറിപ്പോയതിനെ തുടർന്ന് ഡ്രൈവർ അപകടകരമായ രീതിയിൽ വാഹനം പിന്നോട്ട് എടുക്കുകയായിരുന്നു. ദ്രാവക കാർബൺ ഡയോക്സൈഡ് അടങ്ങിയ ട്രക്ക് രണ്ട് ലെയ്നുകൾ മാത്രമുള്ള റോഡിൽ നിർത്തി റിവേഴ്സ് എടുത്തതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്രാഫിക് കൺട്രോൾ യൂണിയൻ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സെന്റ്-മാത്യു-ദെ-ബെലോയിലെ റോഡ് സുരക്ഷാ പരിശോധനാ കേന്ദ്രത്തിൽ എത്തിയ ട്രക്ക് ഡ്രൈവർക്കെതിരെ ഇൻസ്പെക്ടർമാർ ഉടനടി നടപടി സ്വീകരിച്ചു. റോഡ് സുരക്ഷാ വിഭാഗം (SAAQ) ഡ്രൈവർക്ക് 1,600 ഡോളർ പിഴ ചുമത്തുകയും ലൈസൻസിൽ നിന്ന് 4 ഡിമെറിറ്റ് പോയിന്റുകൾ കുറയ്ക്കുകയും ചെയ്തു. കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഏഴ് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ടു മാത്രമാണെന്നും അപകടകരമായ രാസവസ്തുക്കൾ ഉള്ളതിനാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമായിരുന്നുവെന്നും ട്രാഫിക് കൺട്രോൾ യൂണിയൻ പ്രസിഡന്റ് ജീൻ-ക്ലോഡ് ഡൈഗ്നോൾട്ട് പറഞ്ഞു.
ഇത്തരം നിയമലംഘനങ്ങൾ തടയാൻ റോഡ് ഇൻസ്പെക്ടർമാർക്ക് കൂടുതൽ അധികാരങ്ങളും സുരക്ഷാ ഉപകരണങ്ങളും നൽകണമെന്ന് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ക്യുബെക്കിന്റെ ആഭ്യന്തര സുരക്ഷാ മന്ത്രി ഇയാൻ ലാഫ്രെനിയർ പ്രതികരിക്കുകയും റോഡുകളിൽ പരിശോധന കർശനമാക്കാൻ ട്രാഫിക് വാർഡൻമാർക്ക് പരിശീലനം നൽകിവരികയാണെന്ന് അറിയിക്കുകയും ചെയ്തു. Bill 13 പ്രകാരം വാർഡൻമാരുടെ പ്രവർത്തനം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും 2027-ഓടെ ഇത് പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Dangerous reverse on highway: Quebec Transport Department suspends truck driver's license.






