മോൺട്രിയൽ: സ്ത്രീകളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ക്യുബെക്ക് പ്രവിശ്യയിലുള്ള ചില ഫാർമസികൾ ആർത്തവ ഉൽപ്പന്നങ്ങൾ ലാഭമില്ലാതെ (വാങ്ങുന്ന വിലയ്ക്ക് തന്നെ) വിൽക്കാൻ ആരംഭിച്ചു. വിലക്കയറ്റം മൂലം സ്ത്രീകൾ നേരിടുന്ന ‘Period Poverty’ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി നിലവിൽ ക്യുബെക്കിലുടനീളമുള്ള മുപ്പതിലധികം ഫാർമസികളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
ഒരു സ്ത്രീയുടെ ജീവിതത്തിൽ നാല് പതിറ്റാണ്ടുകളോളം ഒഴിച്ചുകൂടാനാകാത്ത പാഡുകൾ, ടാംപണുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കായി വലിയൊരു തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. കാനഡയിൽ നടന്ന ഔദ്യോഗിക പഠനമനുസരിച്ച് 17 ശതമാനം സ്ത്രീകളും, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ നാലിൽ ഒരാളും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇത്തരം അവശ്യ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യം നേരിടുന്നുണ്ട്. ആവശ്യമായ ഉൽപ്പന്നങ്ങൾ ലഭിക്കാത്തത് സ്ത്രീകളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും തൊഴിലിനെയുമെല്ലാം ബാധിക്കുന്ന സാഹചര്യത്തിലാണ് ഫാർമസികൾ തങ്ങളുടെ ലാഭം പൂർണ്ണമായും ഉപേക്ഷിക്കാൻ തയ്യാറായത്. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ചെലവിൽ 30 ശതമാനം വരെ ലാഭിക്കാൻ സാധിക്കുമെന്ന് ഫാർമസി ഉടമയായ ജീൻ മോറിസ് വെയ്ബെൽ വ്യക്തമാക്കി.
നിലവിൽ മുപ്പത്തിയൊന്നോളം ഫാർമസികൾ ഈ സാമൂഹിക കാമ്പയിന്റെ ഭാഗമായിക്കഴിഞ്ഞു. സാധാരണക്കാരായ ഉപഭോക്താക്കളുടെ നിരന്തരമായ പിന്തുണയുള്ളതിനാലാണ് ലാഭം നോക്കാതെ ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് പോകാൻ കഴിഞ്ഞതെന്ന് ഫാർമസി ജീവനക്കാർ പറയുന്നു. ഫാർമസികൾ വരുത്തിയ ഈ മാറ്റം ഒരു തുടക്കം മാത്രമാണെന്നും, ഈ മാതൃക പിന്തുടർന്ന് മറ്റ് വൻകിട റീട്ടെയിൽ സ്ഥാപനങ്ങളും സർക്കാരും ‘Period Poverty’ പൂർണ്ണമായി ഇല്ലാതാക്കാനുള്ള നയപരമായ തീരുമാനങ്ങളുമായി മുന്നോട്ടുവരുമെന്നാണ് ഈ പദ്ധതിയുടെ സംഘാടകർ പ്രതീക്ഷിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
New move to address 'period poverty'; Quebec pharmacies to distribute menstrual products at no profit






