ക്യുബെക്ക്: നാടകവേദികളിലെ പ്രകടനത്തിന്റെ ഭാഗമായി അഭിനേതാക്കൾക്ക് സ്റ്റേജിൽ പുകവലിക്കാമെന്ന് ക്യുബെക്ക് അപ്പീൽ കോടതി ഉത്തരവിട്ടു. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം കലാപരമായ പ്രകടന സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ചരിത്രപരമായ വിധി. മൂന്ന് പ്രമുഖ നാടകസംഘങ്ങൾ വർഷങ്ങളായി നടത്തിവന്ന നിയമപോരാട്ടത്തിനാണ് ഇതോടെ വിജയകരമായ അന്ത്യമായത്.
2017 മുതൽ 2019 വരെയുള്ള കാലയളവിൽ നാടക പ്രകടനത്തിനിടെ സിഗരറ്റ് ഉപയോഗിച്ചതിന് മൂന്ന് നാടകസംഘങ്ങൾക്ക് ക്യുബെക്ക് ആരോഗ്യവകുപ്പ് 500 ഡോളർ വീതം പിഴ ചുമത്തിയിരുന്നു. ടൊബാക്കോ കൺട്രോൾ ആക്ട് ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഈ നടപടി. ഇതിനെതിരെ തിയേറ്റർ ഗ്രൂപ്പുകൾ കോടതിയെ സമീപിക്കുകയും കീഴ്കോടതി ഇവരെ വെറുതെ വിടുകയും ചെയ്തു. എന്നാൽ സെക്കൻഡ് ഹാൻഡ് പുകവലിയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രവിശ്യാ സർക്കാർ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച പുറപ്പെടുവിച്ച 45 പേജുള്ള വിധിന്യായത്തിൽ, സ്റ്റേജിലെ പുകവലി പൂർണ്ണമായി നിരോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മൂന്നംഗ ജഡ്ജിമാർ വ്യക്തമാക്കി. നാടകങ്ങളിൽ പുകവലിക്കുന്ന സമയം പരിമിതമാണെന്നും വിശാലമായ ഓഡിറ്റോറിയങ്ങളിൽ ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. വിധിയെ സ്വാഗതം ചെയ്ത നാടകസംഘങ്ങൾ, ഇത് സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ വിജയമാണെന്ന് പ്രതികരിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Quebec court lifts ban, allows theater groups to smoke on stage




