മോൺട്രിയൽ: ക്യുബെക്കിലെ വിവാദ മതനിരപേക്ഷ നിയമമായ ‘ബിൽ 21‘-ൽ കനേഡിയൻ സുപ്രീം കോടതി നവംബർ 27-ന് നിർണ്ണായക വിധി പ്രസ്താവിക്കും. പ്രാദേശിക സമയം രാവിലെ 9:45-നാണ് വിധി വരുന്നത്. ക്യുബെക്കിൽ വലിയ നിയമ-രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഈ വിധി, രാജ്യത്ത് മതസ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിപ്പിക്കും.
2019 ജൂണിൽ കൊയലിഷൻ അവനീർ ക്യുബെക് (CAQ) സർക്കാരാണ് ബിൽ 21 നടപ്പിലാക്കിയത്. അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി പൊതുമേഖലയിലെ ചില വിഭാഗം ജീവനക്കാർ ജോലി സമയത്ത് മതചിഹ്നങ്ങൾ ധരിക്കുന്നത് ഈ നിയമം വിലക്കുന്നു. ശിരോവസ്ത്രം ധരിക്കുന്ന മുസ്ലിം സ്ത്രീകൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളോട് ഈ നിയമം വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൗരാവകാശ സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
2021-ൽ ക്യുബെക് സുപ്പീരിയർ കോടതി നിയമത്തിന്റെ ഭൂരിഭാഗം വ്യവസ്ഥകളും ശരിവെച്ചു. നിയമം മൗലികാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചെങ്കിലും, ഭരണഘടനയിലെ പ്രത്യേക അധികാരമായ ‘നോട്ട്വിത്ത്സ്റ്റാൻഡിംഗ് ക്ലോസ്’ (Notwithstanding clause) ഉപയോഗിച്ച് നിയമം നിലനിർത്താൻ കോടതി അനുമതി നൽകുകയായിരുന്നു. ഇംഗ്ലീഷ് ഭാഷാ സ്കൂൾ ബോർഡുകളെ തുടക്കത്തിൽ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും, 2024-ൽ ക്യുബെക് അപ്പീൽ കോടതി ആ ഇളവ് റദ്ദാക്കി നിയമം പൂർണ്ണമായി ശരിവെച്ചു.
2026 മാർച്ചിലാണ് സുപ്രീം കോടതി ഈ കേസിൽ വാദം കേട്ടത്. ക്യുബെക്കിന് പുറമെ മറ്റ് പല പ്രവിശ്യകളും, നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ്, ഇംഗ്ലീഷ് മോൺട്രിയൽ സ്കൂൾ ബോർഡ്, കനേഡിയൻ സിവിൽ ലിബർട്ടീസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും കേസിൽ കക്ഷിചേർന്നിരുന്നു. ജസ്റ്റിസ് മഹ്മൂദ് ജമാൽ കേസിൽ നിന്ന് പിന്മാറിയതിനാൽ പുതുക്കിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.
കൂടുതൽ സ്കൂൾ, ഡേകെയർ ജീവനക്കാർക്കും മതചിഹ്നങ്ങൾക്ക് വിലക്കേർപ്പെടുത്താനും പൊതുസ്ഥലങ്ങളിലെ പ്രാർത്ഥനകൾക്ക് നിയന്ത്രണം കൊണ്ടുവരാനും ക്യുബെക് സർക്കാർ ശ്രമിക്കുന്നതിനിടെയാണ് സുപ്രീം കോടതി വിധി വരുന്നത്. ബിൽ 21-ലെ പ്രധാന വ്യവസ്ഥകൾ റദ്ദാക്കുന്ന തരത്തിലുള്ള ഏതൊരു വിധിയെയും എതിർക്കുമെന്ന് പാർട്ടി ക്യുബെക്കോയിസ് പ്രീമിയർ പോൾ സെന്റ്-പിയറി പ്ലാമോണ്ടൻ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
Quebec Bill 21: Supreme Court Ruling Due Nov. 27
🍁 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





