ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ഇംഗ്ലണ്ടും ന്യൂ ബ്രൺസ്‌വിക്കുമായുള്ള മരം വ്യവസായ ബന്ധത്തിന് കനത്ത തിരിച്ചടി. പുതിയ താരിഫ് നിലവിൽ വന്നതോടെ, മെയ്‌നിലെ ഏറ്റവും വലിയ മരം മില്ലുകളിലൊന്നായ വുഡ്‌ലാൻഡ് പൾപ്പ്, ന്യൂ ബ്രൺസ്‌വിക്കിൽ നിന്നുള്ള സോഫ്റ്റ്‌വുഡ് പൾപ്പ്വുഡ് വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചു. മില്ലിന് ആവശ്യമായ തടി നാരുകളുടെ 30 ശതമാനം വരെ എത്തിച്ചിരുന്നത് ന്യൂ ബ്രൺസ്‌വിക്കാണ്. എന്നാൽ, താരിഫ് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ ചെലവ് വർദ്ധനവും, നിയമപരമായ കാര്യങ്ങളിലെ അനിശ്ചിതത്വവുമാണ് ഈ തീരുമാനത്തിന് കാരണമെന്ന് വുഡ്‌ലാൻഡ് പൾപ്പിന്റെ വക്താവ് സ്‌കോട്ട് ബീൽ പ്രതികരിച്ചു. ഒക്ടോബർ 14-ന് ശേഷം, മില്ലിൽ 60 ദിവസത്തേക്ക് എല്ലാവിധ ഫൈബർ വാങ്ങലുകളും നിർത്തിവെയ്‌ക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.
കാനഡയും അമേരിക്കയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കവിഷയമാണ് സോഫ്റ്റ്‌വുഡ് താരിഫ്. എന്നാൽ, അടുത്തിടെ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒക്ടോബറിൽ താരിഫ് 45 ശതമാനമായി വർധിച്ചിരുന്നു. “ആഗോള പൾപ്പ് വിപണിയിലെ വെല്ലുവിളികൾ” മില്ലിന്റെ സാമ്പത്തിക പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് വുഡ്‌ലാൻഡ് പൾപ്പ് അറിയിച്ചു. അമേരിക്കയാണ് ന്യൂ ബ്രൺസ്‌വിക്കിന്റെ ഏറ്റവും വലിയ കയറ്റുമതി പങ്കാളിയെങ്കിലും, നിലവിലെ സാഹചര്യം ഈ പരമ്പരാഗത ബന്ധത്തെ കുഴപ്പത്തിലാക്കുന്നു.
ഈ ആശങ്കകൾക്കിടയിലും, ന്യൂ ബ്രൺസ്‌വിക് പ്രീമിയർ സൂസൻ ഹോൾട്ട് നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ്. പരസ്പരാശ്രിത ബന്ധം കാരണം ഇരുമേഖലകളിലെയും കമ്പനികൾക്ക് താരിഫ് ചെലവുകൾ പങ്കുവെച്ച് മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ടെങ്കിലും, ഇത് അധികനാൾ നീണ്ടുനിൽക്കില്ലെന്ന് പ്രീമിയർ മുന്നറിയിപ്പ് നൽകി. 2026-ഓടെ നിരവധി ജോലികളെയും കമ്പനികളെയും ഈ താരിഫ് പ്രതികൂലമായി ബാധിക്കുമെന്നും, ന്യൂ ബ്രൺസ്‌വിക്കിന്റെ ജിഡിപിയെയും വരുമാനത്തെയും ഇത് കാര്യമായി ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്രസർക്കാരിൽ നിന്ന് വ്യവസായത്തിന് “നിർണ്ണായകമായ” സാമ്പത്തിക സഹായ പാക്കേജ് ഉടൻ ലഭിക്കുമെന്നും എന്നാൽ, അതിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ലെന്നും ഹോൾട്ട് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Pulp mill closures cause major blow to exports; New England-New Brunswick region concerned






