അസബ (ഡെൽറ്റ സ്റ്റേറ്റ്): നൈജീരിയയിലെ ഡെൽറ്റ സ്റ്റേറ്റിൽ ആചാരങ്ങളുടെ പേരിൽ സ്ത്രീകൾക്ക് നേരെ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത. ഓരാമുഡു കമ്മ്യൂണിറ്റി ആഘോഷിക്കുന്ന പ്രജനന ഉത്സവമായ ‘അലു-ഡോ’ക്കിടെയാണ് വിദ്യാർത്ഥിനികളടക്കമുള്ള സ്ത്രീകൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. തെരുവിലൂടെ നടന്നുപോയ സ്ത്രീകളെ ഓടിച്ചിട്ട് പിടിക്കുകയും പരസ്യമായി വസ്ത്രങ്ങൾ വലിച്ചുകീറി ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രാജ്യാന്തര തലത്തിൽ ഉയരുന്നത്.
ഉത്സവത്തിന്റെ ഭാഗമെന്ന വ്യാജേന പുരുഷന്മാരും ആൺകുട്ടികളും അടങ്ങുന്ന സംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയത്. മിക്ക ഇരകളും സമീപത്തെ സർവകലാശാലയിലെ വിദ്യാർത്ഥിനികളാണെന്നാണ് ലഭിക്കുന്ന വിവരം. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന തന്നെ ആൾക്കൂട്ടം വളയുകയും വസ്ത്രങ്ങൾ പൂർണ്ണമായും വലിച്ചുകീറി നഗ്നയാക്കി അപമാനിക്കുകയും ചെയ്തതായി ഒരു വിദ്യാർത്ഥിനി വെളിപ്പെടുത്തി. ക്രൂരമായ മർദ്ദനത്തിന് പുറമെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തതായി ഇവർ പറഞ്ഞു. ഒടുവിൽ ഒരു വഴിയാത്രക്കാരൻ ഇടപെട്ടാണ് ഇവരെ അക്രമികളിൽ നിന്നും രക്ഷപ്പെടുത്തിയത്.
ജനക്കൂട്ടം ഈ അക്രമങ്ങൾ നോക്കിനിൽക്കുകയും പലരും മൊബൈൽ ഫോണുകളിൽ പകർത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ആചാരങ്ങളുടെ മറവിൽ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ സാധാരണവൽക്കരിക്കപ്പെടുന്നത് ഭയാനകമായ പ്രവണതയാണെന്ന് ലിംഗാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവവും അക്രമികൾക്ക് താവളമൊരുക്കി.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരു പ്രാദേശിക കമ്മ്യൂണിറ്റി നേതാവിനെയും നാല് യുവാക്കളെയും നിലവിൽ പോലീസ് അറസ്റ്റ് ചെയ്തു. കേസ് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് (SCID) കൈമാറിയതായും കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ഡെൽറ്റ സ്റ്റേറ്റ് പോലീസ് കമ്മീഷണർ ഐന അഡെസോള അറിയിച്ചു.
പിടിയിലായ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് വക്താവ് ബ്രൈറ്റ് എഡാഫെ വ്യക്തമാക്കി. ഉത്സവങ്ങളുടെ പേരിൽ നിയമം കൈയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇത്തരം അനാചാരങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
public-sexual-assault-after-woman
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



